നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ ഭാവിയില്‍ തനിക്കു മാന്യമായ പരിഗണന മുന്നണിയില്‍ നിന്ന് ലഭിക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് അന്‍വറിനു ഉറപ്പ് നല്‍കി. ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ നിലമ്പൂര്‍ മണ്ഡലം പിന്നെ തനിക്കു ലഭിക്കില്ലെന്ന് അറിയാവുന്ന അന്‍വര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയസാധ്യതയുള്ള ഒരു മണ്ഡലം വേണമെന്ന് കോണ്‍ഗ്രസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ല.
വി.എസ്.ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തോടു ആവശ്യപ്പെട്ടിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍ അന്‍വറിനെ പൂര്‍ണമായി തള്ളിയായിരുന്നു നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പിണറായി വിജയനെതിരായ പോരാട്ടത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കാമെന്ന് താന്‍ നിലപാടെടുത്തിട്ടും തന്റെ ആവശ്യങ്ങള്‍ക്കു യാതൊരു വിലയും കോണ്‍ഗ്രസ് നല്‍കിയില്ലെന്ന വിഷമം അന്‍വറിനു ഇപ്പോഴും ഉണ്ട്.