വി.എസ്.ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തോടു ആവശ്യപ്പെട്ടിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍ കെപിസിസി നേതൃയോഗത്തില്‍ അന്‍വറിന്റെ വിലപേശലിനെതിരെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിനോടു വിലപേശാന്‍ മാത്രം അന്‍വര്‍ വളര്‍ന്നിട്ടില്ലെന്ന് ഒരു മുതിര്‍ന്ന നേതാവ് യോഗത്തില്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അന്‍വറിനു ഒരു റോളുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നിലപാടെടുത്തു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് നല്‍കുകയാണെങ്കില്‍ ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാമെന്ന് അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയില്ലെങ്കിലും അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. 2026 ല്‍ ആരൊക്കെ മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇപ്പോള്‍ ആര്‍ക്കും ഉറപ്പ് നല്‍കുക സാധ്യമല്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.
അന്‍വറിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളൊന്നും ഇനി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. അന്‍വറിനു വേണമെങ്കില്‍ യുഡിഎഫിനൊപ്പം നില്‍ക്കാം. അങ്ങനെ നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു പൂര്‍ണമായി വിധേയപ്പെടേണ്ടി വരും. അല്ലാത്തപക്ഷം യുഡിഎഫില്‍ തുടരാന്‍ പറ്റില്ലെന്നും മുന്നണി നേതൃത്വം അന്‍വറിനെ അറിയിച്ചിട്ടുണ്ട്.