സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (11:47 IST)
സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം. ഇതോടെ സംസ്ഥാനത്തെ നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 27നാണ് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ആക്കുളത്തെ നീന്തല്‍ കുളത്തില്‍ നിന്ന് 17 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിന് രണ്ടാഴ്ചമുമ്പ് തന്നെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു.
 
നീന്തല്‍ കുളം എല്ലാദിവസവും ക്ലോറിനേറ്റ് ചെയ്യണമെന്നും ഒരു ലിറ്ററിന് ചുരുങ്ങിയത് ദശാംശം 5 മില്ലിഗ്രാം എന്ന തരത്തില്‍ ക്ലോറിന്റെ അളവ് നിലനിര്‍ത്തണമെന്നും ഓരോ ദിവസവും ഇക്കാര്യം നിര്‍ദ്ദിഷ്ട രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ആവശ്യപ്പെടുമ്പോള്‍ ഈ രജിസ്റ്റര്‍ ഹാജരാക്കണമെന്നും റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ ചുമതലക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഇത് അതാത് പ്രദേശത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു ആഴ്ച തോറും സംസ്ഥാന സര്‍വ്വേലൈന്‍സ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
 
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവില്‍ പത്തു പേരാണ് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഇതില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍