വി.എസ്.ജോയ് സ്ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസിനു തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് അന്‍വര്‍ അറിയിച്ചിരുന്നു. മാത്രമല്ല ഇപ്പോള്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ആര്യാടന്‍ ഷൗക്കത്തിനോടുള്ള താല്‍പര്യക്കുറവും അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതാണ്. ഇതൊന്നും പരിഗണിക്കാതെയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ഥി പ്രഖ്യാപനം മാധ്യമങ്ങളില്‍ വന്ന ശേഷമാണ് അന്‍വര്‍ അറിഞ്ഞത്. അന്‍വറുമായി യാതൊരു കൂടിയാലോചനകളും നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. എല്‍ഡിഎഫിനെതിരായ പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫില്‍ തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നാണ് അന്‍വറിന്റെ വിഷമം. ഇതോടെ ഇരു മുന്നണികള്‍ക്കും തന്നെ ആവശ്യമില്ലെന്ന തോന്നല്‍ പൊതുജനങ്ങളിലുണ്ടാകും. ഇത് തന്റെ രാഷ്ട്രീയഭാവിക്കു തിരിച്ചടിയാകുമെന്ന് അന്‍വര്‍ ഭയക്കുന്നു.
ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാന്‍ നിലവില്‍ അന്‍വര്‍ തയ്യാറല്ല. ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ച് യുഡിഎഫിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെങ്കില്‍ കോണ്‍ഗ്രസിനു മുന്നില്‍ മറ്റൊരു ഉപാധി വെച്ചിരിക്കുകയാണ് അന്‍വര്‍. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള ഒരു മണ്ഡലം തനിക്കു നല്‍കണമെന്നാണ് അന്‍വറിന്റെ ആവശ്യം. അങ്ങനെയൊരു സീറ്റ് കിട്ടുകയാണെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു വഴങ്ങാനും അന്‍വര്‍ തയ്യാറാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് സമീപനം സ്വീകരിക്കണമെന്ന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അന്‍വര്‍ പ്രഖ്യാപിക്കും.