പി.വി.അന്‍വറിന്റെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക തമിഴ്‌നാട് ഡിഎംകെയുടെ സഖ്യകക്ഷിയായി

രേണുക വേണു
ഞായര്‍, 6 ഒക്‌ടോബര്‍ 2024 (07:45 IST)
PV Anvar

നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പാര്‍ട്ടിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു മഞ്ചേരിയില്‍ വെച്ചാണ് നടക്കുക. തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് അന്‍വറിന്റെ നീക്കം. 
 
എല്‍ഡിഎഫ് വിട്ട അന്‍വര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയെ ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.സ്റ്റാലിനു അന്‍വര്‍ കത്ത് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, മന്ത്രി സെന്തില്‍ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെയുടെ പ്രധാന നേതാക്കളെ മഞ്ചേരിയിലെ പരിപാടിയിലേക്കു എത്തിക്കാനും ശ്രമം നടത്തുന്നുണ്ട്. 
 
എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയാണ് തമിഴ്നാട്ടില്‍ ഭരിക്കുന്നത്. ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗവുമാണ് ഡിഎംകെ. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് അന്‍വര്‍ ഡിഎംകെയില്‍ ചേരാന്‍ തീരുമാനിച്ചതെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article