ആവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിനിടെ പൊതുജനത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാനുറച്ച് സ്വകാര്യ ബസുടമകൾ. ബസ് ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 30 മുതൽ അനിശ്ചിതകാല സമരത്തിന് ബസുടമകൾ ഒരുങ്ങുന്നു.
മിനിമം ചാർജ് പത്തു രൂപയാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്. ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്.
മിനിമം ചാർജ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയാക്കണം, വർദ്ധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സര്‍ക്കാരില്‍ നിന്നും അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.