സീറ്റ് ബെല്‍റ്റും ക്യാമറയും ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തും; സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (08:29 IST)
സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു. സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനല്‍കി.
 
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഓര്‍ഡിനറിയാക്കി മാറ്റി. 140 കിലോമീറ്ററിലധികം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനാണ് തീരുമാനം. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.
 
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. 2022 മേയ് മാസം നടപ്പിലാക്കിയ യാത്രാനിരക്ക് വര്‍ധനവിനൊപ്പം വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കണം.
 
നവംബര്‍ ഒന്നു മുതല്‍ അതിദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article