പോപ്പുലര്‍ ഫിനാന്‍സ്: ആസ്തികള്‍ കണ്ടുകെട്ടും

എ കെ ജെ അയ്യര്‍

വ്യാഴം, 15 ഒക്‌ടോബര്‍ 2020 (12:42 IST)
കൊല്ലം: നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പ്രകാരം പോപ്പുലര്‍ ഫിനാന്‍സിന്റെ കൊല്ലം ജില്ലയിലെ ആസ്തികളും സ്ഥാപര ജംഗമ സ്വത്തുക്കളും കണ്ടുകെട്ടുന്നതിനും ക്രയവിക്രയങ്ങള്‍ തടഞ്ഞ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനും ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു. സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അനുബന്ധ സ്ഥാപനങ്ങളും പൂട്ടി സീല്‍ ചെയ്യുന്നതിന് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും റൂറല്‍ പൊലീസ് മേധാവിക്കും ചുമതല നല്‍കി.
 
താക്കോലുകള്‍ അതത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ഏല്‍പ്പിക്കണം. എല്ലാ സ്ഥാവരജംഗമ സ്വത്തുക്കള്‍ കണ്ടെത്തി ക്രയവിക്രയം തടയുന്നതിന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. സ്വത്തുക്കളുടെ ക്രയവിക്രയം തടയുന്നതിന് ജില്ലാ രജിസ്ട്രാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. പോപ്പുലറിന്റെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ കണ്ടെത്തി വില്പ്പന, ഉടമസ്ഥാവകാശം കൈമാറല്‍ എന്നിവ തടയുന്നതിന് ആര്‍ ടി ഒ യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന ചുമതല പൊലീസിനാണ്. സഹകരണ ബാങ്കുകളിലോ ട്രഷറി, കെ എസ് എഫ് ഇ തുടങ്ങിയ സ്ഥാപനങ്ങളിലോ പോപ്പുലര്‍ ആരംഭിച്ചിട്ടുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് ധനകാര്യ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണം. ലോക്കറുകള്‍ ഉണ്ടെങ്കില്‍ മേല്‍ നിര്‍ദേശം ലഭിക്കാതെ തുറക്കാന്‍ പാടില്ല. ലോക്കറില്‍ സ്വര്‍ണ്ണം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ തിരികെ നല്‍കുവാന്‍ പാടില്ലായെന്നും ഉത്തരവിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍