ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ വിദേശഫണ്ട് സ്വീകരിച്ച് മതപരിവർത്തനം നടത്താറുണ്ടെന്ന്; പോപ്പുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദേശം

ബുധന്‍, 1 നവം‌ബര്‍ 2017 (19:53 IST)
പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി  ലോക്നാഥ് ബെഹ്റ. പോപ്പുലർ ഫ്രണ്ട് വിദേശഫണ്ട് സ്വീകരിച്ച് മതപരിവർത്തനം നടത്താറുണ്ടെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിപിയുടെ തീരുമാനം.

വിദേശഫണ്ട് സ്വീകരിക്കുന്നെന്ന വെളിപ്പെടുത്തലിനെക്കുറിച്ചു അന്വേഷിക്കാന്‍ ഇന്റലിജൻസ് വിഭാഗം മേധാവിക്കു നിർദേശം നൽകിയതായി ഡിജിപി വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വെളിപ്പെടുത്തൽ നടന്നതു മറ്റു സംസ്ഥാനത്താണങ്കിലും കേരളത്തെക്കുറിച്ച് പരാമർശിച്ചതിനാൽ ഗൗരവമായി കാണുന്നൂവെന്നും ഡിജിപി പറഞ്ഞു.

രാജ്യത്തും പിന്നീട് മറ്റു സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. അതിനായി സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്ന വെളിപ്പെടുത്തലുകള്‍ പ്രമുഖ മാധ്യമം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍