ഉത്തർപ്രദേശിലെ എൻടിപിസി താപനിലയത്തിൽ സ്ഫോടനം; ഒമ്പതു പേർ മരിച്ചു - നൂറിലേറെ പേര്‍ക്ക് പരുക്ക്
ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് തൊഴിലാളികള്‍ മരിച്ചു. നൂറോളം പേർക്കു പരുക്കേറ്റു. ഇവരിൽ പലരുടേയും നില ഗുരുതരമാണ്.
പരിക്കേറ്റവരെ എൻടിപിസിയിൽ തന്നെയുള്ള ആശുപത്രിയിലും ഗുരുതര പരുക്കേറ്റവരെ ലക്നൗവിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരണസംഖ്യ ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
റായ്ബറേലി ഉഞ്ചഹാറിൽ താപനിലയത്തിലെ ആറാം യൂണിറ്റിലായിരുന്നു അപകടമുണ്ടായത്. ബോയിലർ പ്ലാന്റിന്റെ ആവി പുറത്തേക്കുവിടുന്ന പൈപ്പാണ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് ഏതാണ്ട് 150ലധികം തൊഴിലാളികൾ പ്ലാന്റിനുള്ളിൽ ഉണ്ടായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരുക്കേറ്റവർക്ക് 50,000രൂപ വീതവും നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. 1988ലാണ് പ്ലാന്റിൽ വൈദ്യുതി നിർമാണം തുടങ്ങിയത്.