മകന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍
ബുധന്‍, 2 മാര്‍ച്ച് 2016 (12:19 IST)
മകന്‍ പൊള്ളലേറ്റു മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചല്‍ അയണിമൂട് മുക്കലംപാട്ട് വീട്ടില്‍ ഭുവനചന്ദ്രന്‍ നായര്‍ എന്ന 62 കാരനാണു പൊലീസ് പിടിയിലായത്.
കഴിഞ്ഞ 24 ന് പുലര്‍ച്ചെ ഒന്നേകാലിനാണ് ഭുവനചന്ദ്രന്‍ നായരുടെ മകന്‍ രജേഷ് കുമാര്‍ എന്ന 33 കാരനെ പൊള്ളലേറ്റ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് പൊലീസ് എത്തി ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് മരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സംഭവ ദിവസം രാത്രി ഭുവനചന്ദ്രനും മകനും മദ്യപിച്ച് വഴക്കുണ്ടാക്കിയെന്നും രാത്രി എട്ടരയോടെ ഭുവനചന്ദ്രന്‍ വീടുവിട്ടിറങ്ങിയെന്നും മനസിലായി. പാപ്പനംകോട്ടെത്തിയ ശേഷം പിന്നീട് പള്ളിച്ചലില്‍ നിന്ന് പെട്രോള്‍ വാങ്ങി വീട്ടില്‍ തിരികെയെത്തി.
മകന്‍ ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം ഇയാള്‍ കിടപ്പുമുറിയുടെ തുറന്നുകിടന്ന ജനാലവഴി പെട്രോള്‍ അകത്തേക്ക് ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നു.
റൂറല്‍ എസ് പി ഷെഫീന്‍ അഹമ്മദിന്‍റെ നിര്‍ദ്ദേശ പ്രകാരം നെയ്യാറ്റിന്‍കര ഡി വൈ എസ് പി നസീര്‍, സി ഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.