കൊച്ചിയില്‍ വെടിയുണ്ട ചട്ടിയില്‍ ഇട്ട് ചൂടാക്കിയപ്പോള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. എറണാകുളം എആര്‍ ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ സി വി സജീവിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമായിരിക്കും നടപടികള്‍ സ്വീകരിക്കുക.
ഈ മാസം പത്തിനാണ് സംഭവം എആര്‍ ക്യാമ്പില്‍ നടന്നത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ആകാശത്തേക്ക് വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക വെടിയുണ്ടകളാണ് വൃത്തിയാക്കാനായി ചട്ടിയിലിട്ട് ചൂടാക്കിയത്. ഈ വെടിയുണ്ടകള്‍ ക്ലാവ് പിടിച്ചതിനാലാണ് ഇങ്ങനെ ചെയ്തത്. സാധാരണയായി വെയിലത്ത് വച്ച് ചൂടാക്കിയ ശേഷമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വേഗത്തില്‍ ചടങ്ങുകള്‍ക്ക് പോകേണ്ടതിനാല്‍ ചട്ടിയില്‍ വച്ച് ചൂടാക്കുകയായിരുന്നു. പിന്നാലെ ഉണ്ടകള്‍ പൊട്ടിത്തെറിച്ചു. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഉണ്ടാവാത്തത്.