കൊടിയ പീഡനമാണ് നേരിട്ടതെന്നാണ് റെജിൻ പറയുന്നത്. കുറ്റം സമ്മതിക്കാനും പണം സൂക്ഷിച്ചിരിക്കന്ന സ്ഥലം പറയാനും നിർബന്ധിച്ചായിരുന്നു നടപടികൾ. ആദ്യദിവസം സിഐയും എസ്ഐയും ചേർന്ന് മർദിച്ചു. രാത്രിയിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വച്ചായിരുന്നു മർദ്ദനം. നാലുപേർചേർന്ന് ഇടിച്ചു. ചെറിയ ഇരുമ്പു കമ്പിയും തടിക്കഷണവും ഉപയോഗിച്ചായിരുന്നു മർദ്ദനം. ഹൃദ്രോഗ ബാധിതനാണെന്ന് കരഞ്ഞുപറഞ്ഞിട്ടും മർദനത്തിന് അയവുണ്ടായില്ല. പിറ്റേന്ന് ആര്യങ്കോട് സ്റ്റേഷനിൽ കൊണ്ടുപോയി കണ്ണിലും സ്വകാര്യഭാഗത്തും മുളക് അരച്ചുപുരട്ടിയെന്നും യുവാവ് പറയുന്നു.
പിറ്റേന്ന് കാഞ്ഞിരുംകുളത്ത് കൊണ്ടുപോവുകയും അവിടത്തെ നാലു പൊലീസുകാരെ കൊണ്ട് മർദിപ്പിച്ചു. കുരുമുളക് സ്പ്രേയും ഉപയോഗിച്ചു. അടുത്ത ദിവസം പൂവാർ സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചു. ഇവിടെ വച്ച് കാൽവിരലുകളിലെ നഖത്തിനിടയിൽ മൊട്ടുസൂചിയും കയറ്റിയെന്നും മർദനത്തിനിടെ നാലുവട്ടം തലചുറ്റിവീണെന്നും. തണുത്തവെള്ളം തുടർച്ചയായി തലയിലൊഴിച്ചാണ് ബോധം തെളിയിച്ചതെന്നും യുവാവ് പറയുന്നു.
അതേസമയം, തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കി സർക്കാരിനും മനുഷ്യവകാശകമ്മിഷനിലും കോടതിയിലും റജിൻ പരാതിനൽകിയതോടൊണ് കേസിലെ യഥാർത്ഥ വിവരങ്ങൾ പുറത്ത് വരുന്നത്. പരാതിയിൽ സ്പെഷൽബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. കേസുകളിൽ റജിനിനെ ബന്ധപ്പെടുത്താനുള്ള തെളിവുകളൊന്നും കണ്ടെത്താൻ പൊലീസിനുമായിരുന്നില്ല.
എന്നാൽ, തനിക്കെതിരായ പോലീസ് നടപടിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നാണ് റജിൻ ആരോപിക്കുന്നത്. നാട്ടുകാരനായ ഒരു വ്യവസായിക്ക് റജിനിനോടുള്ള വിരോധമാണ് കാരണം. ഇയാളുടെ ഗുണ്ടകൾ പലവട്ടം വീട്ടിലെത്തിപോലും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പൊലീസിനോട് അടുത്ത ബന്ധമുള്ളയാളാണ് ഈ വ്യവസായിയും. ഇയാൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും സസ്പെൻഷനിലായ ഓഫിസർമാരുടെ ഫോൺകോൾ ലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യം തെളിയുമെന്നും റജിൻ ആരോപിക്കുന്നു.
കുന്നത്തുകാൽ ജംക്ഷനിലുള്ള പുഷ്പരാജിന്റെ പലചരക്ക് കടയിൽ നിന്നു മോഷ്ടിച്ച 65,000രൂപയും, തോലടി ജംക്‌ഷനിലെ പലവ്യഞ്ജന കടയുടെ ഉടമ കൃഷ്ണൻനായരുടെ കയ്യിൽനിന്നു തട്ടിയെടുത്ത 1,14,500രൂപയും സംബന്ധിച്ച കേസുകളിലായിരുന്നു നടപടി. വിവരം അറിയാൻ വെള്ളറട സ്റ്റേഷനിലെത്തിയ റജിനെ എസ്ഐ ഒരു സിസി ടിവി ദൃശ്യത്തിലുള്ള വ്യക്തിയെന്ന് ആരോപിക്കുകയായിരുന്നു.രണ്ടു പേർ ബൈക്കിലെത്തിയ സിസി ടിവി ദൃശ്യത്തിൽ ഒരാൾക്ക് റജിനിന്റെ രൂപസാദൃശ്യം ഉണ്ടെന്ന് ആരോപിച്ചായിരുന്നു വിളിച്ച് വരുത്തിയത്. പിന്നീട് സിഐയുടെ അടുത്തേയ്ക്ക് കൊണ്ടുപോവുകയുമായിരുന്നു. ശേഷം യുവാവ് നേരിട്ടത് സമാനതകളില്ലാത്ത മര്‍ദ്ദനമായിരുന്നെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. സിഐ, എസ്ഐ എന്നിവര്‍ ചേർന്ന് ആരംഭിച്ച മർദ്ദനം പിന്നീട് 5 ദിവസം വെള്ളറട,ആര്യങ്കോട്, പൂവാർ, പൊലീസ് സ്റ്റേഷനുകളിലും കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷന്റെ പരിസരത്തുള്ള മുറിയിലും വച്ച് തുടരുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
അഞ്ചു ദിവസത്തെ ക്രൂരമർദനത്തിനു ശേഷമായിരുന്നു അറസ്റ്റു രേഖപ്പെടുത്തി രണ്ടുകേസുകളിലും പ്രതിയാക്കി നെയ്യാറ്റിൻകര കോടതിയിലെത്തിച്ചത്. കോടതി റിമാൻഡു ചെയ്തു. മർദനം മൂലം അവശനായ റജിനെ അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 21 ദിവസമാണ് റിമാൻഡിലായി ജയിലിൽ കഴിഞ്ഞത്. ഇതിനിടെ വാർത്ത പുറത്തറിഞ്ഞതോടെ പ്രചരിച്ചതോടെ കമ്പനി ജോലിയിൽനിന്നും പിരിച്ചുവിടുകയും ചെയ്തു.
2017 ഒക്ടോബർ 6ന് നടന്ന സംഭവത്തിൽ തിരുവനന്തപുരം വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയിലെ സർക്കിൾ ഇൻസ്പെക്ടർ ജി. അജിത്കുമാർ, കൊല്ലം പുത്തൂർ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ടി.വിജയകുമാർ എന്നിവർക്കെതിരെയാണ് നടപടി. വെള്ളറട സ്റ്റേഷനിൽ ജി.അജിത്കുമാർ സിഐയും ടി.വിജയകുമാർ എസ്ഐയും ആയിരുന്ന കാലത്താണ് സംഭവം.