എംഎല്‍എ ഹോസ്‌റ്റലിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പി സി ജോര്‍ജ് എം എല്‍ എയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മ്യൂസിയം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഭക്ഷണം നല്‍കാന്‍ വൈകിയതിന് പിസി ജോര്‍ജും സഹായിയായ തോമസ് ജോർജും ചേര്‍ന്ന് എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കഫേയിലെ ജീവനക്കാരന്‍ മനുവിനെ മര്‍ദ്ദിച്ചുവെന്നാണ് കേസ്.
മനുവിനെ ജോർജ് മർദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. എംഎൽഎയുടെ മാന്യതയ്ക്ക് നിരക്കാത്ത രീതിയിൽ ജോർജ് പ്രവർത്തിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
2017 ഫെബ്രുവരി 27ന് ഉച്ചയ്‌ക്കാണ് സംഭവം. മര്‍ദ്ദനമേറ്റ മനു ചികിത്സ തേടുകയും നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്‌തിരുന്നു. ഇയാൾക്ക് ചുണ്ടിലും കണ്ണിലും പരിക്കേറ്റിരുന്നു.
എന്നാല്‍, താന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഭക്ഷണം ലഭിക്കാന്‍ വൈകിയപ്പോള്‍ ദേഷ്യപ്പെടുക മാത്രമാണ് ചെയ്‌തതെന്നും പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.