മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായി; മജിസ്ട്രേടിനെ കാണാന്‍ പോയപ്പോള്‍ ഭര്‍ത്താവിനെ കാറില്‍ തടഞ്ഞുവെച്ചു; തെളിവുശേഖരണത്തിന്റെ പേരില്‍ പൊലീസ് അപമാനിച്ചെന്നും യുവതി

Webdunia
വ്യാഴം, 3 നവം‌ബര്‍ 2016 (14:46 IST)
ബലാത്സംഗത്തിനിരയായതിനേക്കാള്‍ വലിയ പീഡനമായിരുന്നു പൊലീസില്‍ പരാതി നല്കാന്‍ ചെന്നപ്പോള്‍ ഉണ്ടായതെന്ന് യുവതി. ഭാഗ്യലക്ഷ്‌മിക്കൊപ്പം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ആയിരുന്നു യുവതി ഇങ്ങനെ പറഞ്ഞത്. കൂട്ടബലാത്സംഗം നടന്നതിനെക്കുറിച്ച് പരാതി പറയാന്‍ തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്ക് പൊലീസുകാരുടെ മാനസികപീഡനമായിരുന്നു സ്റ്റേഷനില്‍ നേരിടേണ്ടി വന്നതെന്നും യുവതി പറയുന്നു. 
 
കഴിഞ്ഞദിവസം ഫേസ്‌ബുക്കിലൂടെ പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ ഭാഗ്യലക്ഷ്‌മിയാണ് യുവതി പീഡനത്തിനിരയായ സംഭവം പങ്കുവെച്ചത്. തുടര്‍ന്ന്, ഇന്ന് യുവതിയും ഭര്‍ത്താവും ഭാഗ്യലക്ഷ്‌മിക്ക് ഒപ്പമെത്തി വാര്‍ത്താസമ്മേളനത്തില്‍ സംഭവം വിശദമാക്കുകയായിരുന്നു.
 
പരാതിയുമായി പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്ക് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത് പൊലീസുകാരുടെ മാനസികപീഡനമായിരുന്നു. തെളിവെടുപ്പിനായി നാടുനീളെ കൊണ്ടുനടന്ന് അവഹേളിച്ചു. മാനസികമായി തകര്‍ക്കുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്.
 
പ്രതികള്‍ക്കൊപ്പം നിര്‍ത്തിയായിരുന്നു പൊലീസുകാര്‍ അശ്ലീലച്ചുവയോടെ ചോദ്യങ്ങള്‍ ചോദിച്ചത്. സി ഐ ചോദിച്ച ചില ചോദ്യങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടതിനേക്കാള്‍ വേദനിപ്പിക്കുന്നത് ആയിരുന്നു. പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ പെരുമാറ്റത്തോടെ പരാതിപ്പെടാന്‍ തന്നെ പേടിച്ചു.  ഓഗസ്റ്റ് 16നായിരുന്നു പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍, പരാതിയുമായി എത്തിയപ്പോള്‍ അശ്ലീല ചുവയോടെ സിഐ ചോദിച്ചത് ഇവരില്‍ ആര് ചെയ്തപ്പോഴാണ് കൂടുതല്‍ സുഖം കിട്ടിയതെന്ന് ആയിരുന്നു. ഇതുകേട്ട് തനിക്ക് അത്യധികം വേദനയോടെ നിലവിളിക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ലെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Article