കൊച്ചി: കോതമംഗലത്ത് 23കാരിയായ യുവതിയുടെ ആത്മഹത്യ 'ലവ് ജിഹാദ്' അല്ലെന്ന് പൊലീസ്. കേസിൽ അന്വേഷണം പൂർത്തിയാക്കി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് സോനയുടെ ആത്മഹത്യയിൽ ലൗവ് ജിഹാദ് അല്ലെന്ന കണ്ടെത്തൽ ഉള്ളത്. കേസിൽ പ്രതിയായ റമീസ് യുവതിയെ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.
റമീസ് തന്റെ ഫോൺ പോലുമെടുക്കാത്തത്, പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതോടെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കോതമംഗലം കറുകടത്ത് സ്വദേശിയായ ടിടിസി വിദ്യാർത്ഥിനിയും പാനായിക്കുളത്തെ റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. ഇതിനിടെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഇതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.