പ്രമുഖ സിനിമാ നടൻ എൻ ജയകൃഷ്ണൻ അറസ്റ്റിൽ. മുസ്ലിം നാമധാരിയായ കാർ ഡ്രൈവറെ ഭീകരവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിലാണ് അറസ്റ്റ്. ജയകൃഷ്ണൻ, സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമൽ എന്നിവർക്കെതിരെയാണ് മംഗളൂരു പോലീസ് കേസെടുത്തിരിക്കുന്നത്. ഓൺലൈനായി ടാക്‌സി ബുക്ക് ചെയ്ത ശേഷം ഡ്രൈവർ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു വർഗീയ അധിക്ഷേപം.
പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ കുറ്റം ചെയ്തുവെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. ഇതേ തുടർന്നാണ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. കാർ ഡ്രൈവറെ ഭീകരവാദി എന്ന് വിളിക്കുകയും ഇത് ചോദ്യം ചെയ്തപ്പോൾ ഡ്രൈവറുടെ അമ്മയെ അധിക്ഷേപിച്ചു എന്നും പരാതിയിൽ പറയുന്നു. സംഭവം മംഗലാപുരത്ത് വലിയ വിവാദമാകുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തു.
ഷഫീഖ് അഹമ്മദ് എന്ന കാർ ഡ്രൈവറാണ് പരാതിക്കാരൻ. ബെജായിൽ നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് പോകാൻ പ്രതികൾ കാർ ബുക്ക് ചെയ്തിരുന്നു. പിക് ചെയ്യുന്ന സ്ഥലം ഉറപ്പിക്കാൻ ഡ്രൈവർ വിളിച്ചപ്പോഴാണ് പ്രതികൾ മോശമായി സംസാരിച്ചത് എന്ന് പരാതിയിൽ പറയുന്നു. ഹിന്ദിയിലും മലയാളത്തിലുമാണ് പ്രതികൾ തെറി വിളിച്ചത് എന്നും പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽവെച്ച് പരാതിക്കാരനോട് ജയകൃഷ്ണൻ മാപ്പ് പറയുകയും ചെയ്തു.