ബിഷപ്പ് ഹൗസിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; 40 പേര്‍ക്ക് പരുക്ക്

Webdunia
ഞായര്‍, 25 മെയ് 2014 (17:35 IST)
ഇടവക വികാരിയെ മാറ്റുന്നതിനെതിരെ വിശ്വാസികള്‍ കൊല്ലം ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍പൊലീസുകാരുള്‍പ്പെടെ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
 
കുരീപ്പുഴ സെന്റ് ജോസഫ് പള്ളിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരവെ  വികാരിയെ മാറ്റിയ ബിഷപ്‌ ഡോ സ്‌റ്റാന്‍ലി റോമന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ബിഷപ്പ് ഹൗസിലേക്ക് വിശ്വാസികള്‍ മാര്‍ച്ച് നടത്തിയത്.  
 
ബിഷപ്പ് ഹൗസിനു മുന്നിലെ റോഡില്‍വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും അവര്‍ തയ്യാറായില്ല. പൊലീസ് വലയം ഭേദിച്ച് ബിഷപ്പ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.