മിഠായിത്തെരുവ് തീപിടുത്തം: അട്ടിമറിയാണോയെന്ന് പറയാനാവില്ല - മുഖ്യമന്ത്രി
വെള്ളി, 15 മെയ് 2015 (09:24 IST)
മിഠായിത്തെരുവ് തീപിടുത്തത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. വിശദ പരിശോധനക്ക് ശേഷമെ പിന്നില്‍ അട്ടിമറി ഉണ്ടോയെന്ന കാര്യത്തില്‍ വ്യക്തത കൈവരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദുരന്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് വൈദ്യുതി ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി. ഇതേതുടര്‍ന്ന് വിശദ അന്വേഷണത്തിന് സിറ്റി പൊലീസ് കമീഷണര്‍ പിഎ വത്സന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
മിഠായിത്തെരുവില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ കത്തിയെരിഞ്ഞതിനേക്കുറിച്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് തല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ അട്ടിമറി സാധ്യത ഉണ്ടെന്ന എഡിജിപി ശങ്കര്‍ റെഡ്ഡി പറഞ്ഞ സാഹചര്യത്തിലാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് തീരുമാനമായത്.
ബുധനാഴ്‌ച രാത്രി പത്ത് മണിയോടെയാണ് മിഠായിത്തെരുവിലെ തീപിടുത്തം ശ്രദ്ധയില്പെട്ടത്. ഏകദേശം 10 കൊടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. തീപിടുത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ആദ്യം പറഞ്ഞെങ്കിലും ഇതിന് തെളിവില്ലെന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കത്തിയമര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയ്ക്ക് തീപിടിത്തത്തിന്‍റെ കാരണങ്ങളിലേയ്ക്ക് വെളിച്ചം വിശാനായിട്ടില്ല.
വൈദ്യുതിവകുപ്പിലെ ഉദ്യോഗസ്ഥരും, ഫോറന്‍സിക് വിദഗ്ദ്ധരും, ബോംബ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്. കാരണം കണ്ടെത്താന്‍ കുടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. തീപിടിത്തം നടന്ന കടയിലെ ജീവനക്കാരുടേയും, കടയുടമയുടേയും മൊഴികള്‍ പരിശോധിച്ചശേഷം മാത്രമെ അപകടത്തിന്‍റെ കാരണം സംബന്ധിച്ച് വ്യക്തത വരു എന്നാണ് പൊലീസിന്‍റെയും നിലപാട്.