വ്യാജ ചെക്ക് നല്‍കി സാധനങ്ങള്‍ തട്ടിയെടുത്തു

Webdunia
ശനി, 30 ഓഗസ്റ്റ് 2014 (17:58 IST)
വ്യാജ ചെക്ക് നല്‍കി രണ്ടര ലക്ഷം രൂപയുടെ ഇലക്ട്റോണിക് സാധനങ്ങള്‍ തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം വഴിമുക്ക് വെട്ടുവിളാകം റാണി മഹലില്‍ സക്കീര്‍ ഹുസൈന്‍ എന്ന 45 കാരനാണു മ്യൂസിയം പൊലീസിന്‍റെ വലയിലായത്.

പട്ടത്തെ പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തില്‍ നിന്ന് 2.5 ലക്ഷം രൂപയ്ക്ക് ഇയാള്‍ രണ്ട് എല്‍ഇഡി ടെലിവിഷനുകളും മൊബൈല്‍ ഫോണുകളും ഒരു ക്യാമറയും വാങ്ങിയ ശേഷം ചെക്ക് നല്‍കി പോവുകയായിരുന്നു. എന്നാല്‍ ചെക്ക് ബാങ്കില്‍ നല്‍കിയപ്പോള്‍ കബളിപ്പിക്കപ്പെട്ട വിവരം കടയുടമയ്ക്ക് ബോധ്യമായി. തുടര്‍ന്നാണു പൊലീസില്‍ പരാതി നല്‍കിയത്.

ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ നടത്തിയ കേസില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. നെയ്യാറ്റിന്‍കരയ്ക്കടുത്ത് ഉദിയന്‍കുളങ്ങരയില്‍ ഗീവിയോണ്‍ എന്ന സ്ഥാപനം നടത്തി നിരവധി പേര്‍ക്ക് ജോലി വാഗ്ദാനം നല്‍കി കോടിക്കണക്കിനു രൂപ ഇയാള്‍ തട്ടിപ്പ് നടത്തിയതായും പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ ആറോളം കേസുകളുണ്ട്.

ഇന്നോവ കാറിനു നിരവധി വ്യാജ ആര്‍സി ബുക്കുകള്‍ ഉണ്ടാക്കി മറിച്ചു വിറ്റതിനു പാറശാല പൊലീസ് സ്റ്റേഷനിലും കൊല്ലത്ത് പ്രമുഖ വ്യാപാരികള്‍ക്ക് ചെക്ക് നല്‍കി കബളിപ്പിച്ച് സാധനങ്ങള്‍ തട്ടിയെടുത്തതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതായിരുന്നു ഇയാളുടെ രീതി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.