പോക്സോ കേസ് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
കൊല്ലം: പോക്സോ കേസ് പ്രതിയെ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി സുനിൽ കുമാറിനെയാണ് (36) കരുനാഗപ്പള്ളി പോക്സോ കോടതി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി വി.ഉദയകുമാർ ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസായതോടെ പ്രതി സൗദിയിലേക്ക് രക്ഷപ്പെട്ടിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. ഇയാൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പിന്നീട് കേരള പോലീസ് സൗദിയിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പട്ടികജാതി, പട്ടിക വർഗ പീഡന നിരോധന നിയമങ്ങൾ, പോക്സോ നിയമം എന്നിവ ഉൾപ്പെടെ പരിഗണിച്ചാണ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിനൊപ്പം രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.