സംസ്ഥാനത്ത് പുതിയ പ്ലസ് ടു ബാച്ചുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നിന്ന ഉപസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. യോഗം ഇന്ന് രാത്രി എട്ടിന് വീണ്ടും ചേരും.
സംസ്ഥാനത്ത് പുതിയ പ്ലസ് ടു ബാച്ചുകള്‍ പുതുതായി അനുവദിക്കുന്നത് സംബന്ധിച്ച് നടന്ന യോഗത്തില്‍ ഉപസമിതിയിലെ അംഗങ്ങള്‍ക്ക് ഏകാഭിപ്രായത്തിലെത്താന്‍ സാധിക്കാത്തതാണ് ചര്‍ച്ച നീളാന്‍ കാരണമായത്. അതേ സമയം പ്ളസ്ടു അധിക ബാച്ചിനെതിരെ കടുത്ത എതിര്‍പ്പുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി.
അധിക ബാച്ച് സര്‍ക്കാരിന് അധികബാധ്യതയാവുമെന്നു ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മന്ത്രി പികെ അബ്ദുറബ്ബിന് കുറിപ്പ് കൈമാറി. ഒരു ബാച്ചിന് 70 ലക്ഷത്തോളം രൂപയുടെ പ്രാരംഭച്ചെലവുകള്‍ നേരിടും. 600 ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ 400 കോടി രൂപയുടെ അധികബാധ്യതാണ് സര്‍ക്കാരിനുണ്ടാവുക.
ഇത്തരത്തില്‍ അനുവദിക്കുന്ന വലിയൊരു ഭാഗം ബാച്ചുകളില്‍ 3 വര്‍ഷത്തിനു ശേഷം കുട്ടികളില്ലാത്ത അവസ്ഥയും വരുംമെന്നും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. ഈ കത്തിനെയും അടിസ്ഥാനമാക്കിയായിരുന്നു ഇന്ന് യോഗം ചേര്‍ന്നത്.