കുഞ്ഞനന്തന് നടക്കാന്‍ കഴിയില്ലെന്ന്, ‍ജയിലിൽ സുഖമായി കിടക്കാമല്ലോയെന്ന് ഹൈക്കോടതി - സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം

Webdunia
വെള്ളി, 1 ഫെബ്രുവരി 2019 (15:00 IST)
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന പ്രതി പികെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. ജമ്യം അനവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ ചോദിച്ചത്.

ജയിലിൽ കിടക്കുന്നതിനുള്ള തടസമെന്താണെന്ന് ചോദിച്ച കോടതി, ജയിലിൽ എത്ര വർഷം കഴിഞ്ഞു എന്നും ചോദിച്ചു. കുഞ്ഞനന്തന് നടക്കാനാവാത്ത അവസ്ഥയാണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ, ജയിലിൽ സുഖമായി കിടക്കാമല്ലോ എന്നായിരുന്നു കോടതിയുടെ പരാമർശം.

ജയിലിൽ കൂടുതൽ ദിവസം ഉണ്ടായിരുന്നില്ല എന്നാണ് അറിഞ്ഞത്. എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ സഹായിക്കാൻ കൂട്ടുപ്രതികൾ ഉണ്ടല്ലോ എന്നു പറഞ്ഞ കോടതി, ഇതെല്ലാം വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് നല്‍കാന്‍ സർക്കാരിനോട് ആവശ്യപ്പെട്ടു.

ജയിലില്‍ നിരവധി തടവ് പുളളികള്‍ ഉണ്ടല്ലോ, നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്‌നമല്ലെന്നും നിരീക്ഷിച്ചു. എന്താണ് ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയ  കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിവെച്ചു.

കുഞ്ഞനന്തന് അടിയന്തര ചികിത്സ വേണമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കുഞ്ഞനന്തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ചികിത്സയ്‌ക്കായി ശിക്ഷ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article