പുറത്തുവരുന്ന ഫലങ്ങള്‍ ശരിയല്ല; വോട്ട് എണ്ണിക്കഴിയുമ്പോള്‍ വിജയം യുഡിഎഫിന് ഒപ്പമായിരിക്കും- കുഞ്ഞാലികുട്ടി
ചൊവ്വ, 17 മെയ് 2016 (11:52 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് എതിരായതോടെ നയം വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി രംഗത്ത്. ഇപ്പോള്‍ പുറത്തുവരുന്ന ഫലങ്ങള്‍ ശരിയല്ല. ഏതാനം വോട്ടുകള്‍ മാത്രം കണക്കു കൂട്ടിയാണ് ഇപ്പോഴത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുന്നത്. വോട്ട് എണ്ണിക്കഴിയുമ്പോള്‍ യുഡിഎഫിന് വിജയം ഉറപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലങ്ങളിലൂടെ പുറത്തുവരുന്നത് ഏകദേശ കണക്കുകളാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നായിരുന്നു സര്‍വേ ഫലങ്ങള്‍ പറഞ്ഞത്. അത് തെറ്റാണെന്ന് റിസല്‍ട്ട് വന്നപ്പോള്‍ മനസിലായി. പിന്നീട് ബീഹാറിലും ഡല്‍ഹിയിലുമായി നടന്ന തെരഞ്ഞെടുപ്പുകളിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. ഇതെല്ലാം തെറ്റായിരുന്നുവെന്ന് പിന്നീട് ഫലം വന്നപ്പോള്‍ വ്യക്തമായെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കെതിരെ മന്ത്രിയും ഇരിക്കൂറിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെസി ജോസഫ് രംഗത്ത് എത്തി. മന്ത്രിമാരുടെ കൂട്ടത്തോല്‍വി എന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സ്വപ്‌നങ്ങളില്‍ മാത്രം സംഭവിക്കുന്നതാണ്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയുമ്പോള്‍ 78 സീറ്റ് നേടി യുഡിഎഫ് തിരിച്ചുവരും. ഇടതുമുന്നണിക്ക് രണ്ടുദിവസം കൂടി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വച്ച് സ്വപ്‌നം കാണാമെന്നും അദ്ദേഹം പറഞ്ഞു.