പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഇ- ടെന്‍ഡര്‍ നല്‍കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. മൂന്നു പ്രസുകളാണു ടെന്‍ഡറില്‍ പങ്കെടുത്തത്. എന്നാല്‍, പണം കെട്ടിവയ്ക്കാത്തതുമൂലം രണ്ടു പേര്‍ അയോഗ്യരായി. അതിനാല്‍ ഒറ്റക്കമ്പനി മാത്രമായ സാഹചര്യത്തിലാണ് തീരുമാനം മന്ത്രിസഭക്ക് മുന്നില്‍ വരുന്നത്.
പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഇ- ടെന്‍ഡറില്‍ ഒരു പ്രസ് മാത്രം യോഗ്യതനേടിയ സാഹചര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതു മന്ത്രിസഭയാണെന്നു ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് വ്യക്തമാക്കിയിരുന്നു. 43,39,700 പാഠപുസ്തകങ്ങളാണ് ഇനിയും അച്ചടിച്ചു കിട്ടാനുള്ളത്.
ഇത് കൂടാതെ അധ്യാപക പാക്കേജും അറബിക് സര്‍വകലാശാല വിഷയവും മന്ത്രിസഭാ യോഗം പരിഗണിക്കും. വിദ്യാര്‍ഥി അധ്യാപക അനുപാതം നിശ്ചയിക്കുന്നതിനുള്ള അധ്യാപക പാക്കേജിലുള്ള തീരുമാനവും ഇന്നുണ്ടാകും. അറബിക് സര്‍വകലാശാല തീരുമാനവും മന്ത്രിസഭയിലേയ്‌ക്കെത്തുകയാണ്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സര്‍വകലാശാല രൂപീകരിക്കാനുള്ള നീക്കത്തെ ധനവകുപ്പ് എതിര്‍ത്തതോടെയാണ് വിഷയം മന്ത്രിസഭയുടെ മുമ്പാകെ വിദ്യാഭ്യാസ വകുപ്പ് എത്തിക്കുന്നത്.