പാഠപുസ്തക അച്ചടിക്കുള്ള ടെണ്ടര്‍ നടപടികള്‍ക്ക് തുടക്കമായെങ്കിലും നിലവിലെ സാഹചര്യത്തെ ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രി പികെ അബ്‌ദു റബ്ബ് രംഗത്ത്. മുന്‍ വര്‍ഷങ്ങളിലും പാഠപുസ്തകങ്ങളെത്താന്‍ വൈകിയിട്ടുണ്ട്. ഇപ്പോള്‍ മാത്രം വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ഒക്ടോബറില്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത അവസ്ഥ മുന്‍ ഭരണ കാലങ്ങളിലുമുണ്ടായിരുന്നു. ഇപ്പോള്‍ മാത്രം വിവാദമുണ്ടാക്കുന്നത് മറ്റ് താല്‍പ്പര്യല്‍ങ്ങള്‍ക്ക് വേണ്ടിയാണെന്നും അബ്‌ദു റബ്ബ് പറഞ്ഞു. അതേസമയം, രണ്ടാഴ്ചക്കുള്ളില്‍ പുസ്തകങ്ങളെത്തിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും അത് നടക്കാനിടയില്ല. ഈ മാസം അവസാനത്തോടെ പുസ്തകങ്ങളെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. അതുവരെ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അത് ഫോട്ടോസ്റ്റാറ്റെടുത്ത് പഠിക്കേണ്ട അവസ്ഥയിലാണ് കുട്ടികള്‍ .
43,39,700 പാഠപുസ്തകങ്ങളാണ് ഇനിയും അച്ചടിച്ചു കിട്ടാനുള്ളത്. ബുക്ക്‌സ് ആന്റ് പബ്ലിഷിങ് സൊസൈറ്റിയും സര്‍ക്കാര്‍ പ്രസുകളും അച്ചടി തുടരുന്നതിനിടെ ഇവര്‍ക്ക് അച്ചടി പൂര്‍ത്തിയാക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാടെടുക്കുകയും രണ്ടാം തിയതി മുതല്‍ അച്ചടി നിര്‍ത്തിവയ്പ്പിക്കുകയുമായിരുന്നു.