വിഎസ് നയിക്കുമെന്ന പ്രസ്താവ; ദിവാകരന്‍ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്നു അറിയില്ല- പിണറായി

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (12:17 IST)
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ നയിക്കുമെന്ന സിപിഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്റെ പ്രസ്താവനയെ തള്ളി പിബി അംഗം പിണറായി വിജയന്‍ രംഗത്ത്. തെരഞ്ഞെടുപ്പു വരുമ്പോഴാണ് സ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. ദിവാകരന്‍ അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്നു അറിയില്ലെന്നും പിണറായി പറഞ്ഞു.

ദിവാകരന്‍ വീണ്ടും മത്സരിക്കണമെന്നു താന്‍ പറഞ്ഞാല്‍ അതു വിടുവായത്തരമാകില്ല. അതിനാല്‍ ദിവാകരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും പിണറായി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണം നയിക്കുന്നതു വിഎസ് അച്യുതാനന്ദനാണ്. അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സ്വാഭാവികമായി വി.എസ് തന്നെയാകും പ്രചാരണം നയിക്കുന്നതെന്നുമാണ് ദിവാകരന്‍ പറഞ്ഞത്.

യുഡിഎഫും ആര്‍എസ്എസും നിരാശയിലാണ്. താല്‍പര്യം വ്യത്യസ്തമെങ്കിലും യു.ഡി.എഫിനും ആര്‍എസ്എസിനും ധാരണയിലെത്താന്‍ ഒരു പ്രശ്നവുമില്ല. ഇരുകൂട്ടരുടെയും താല്‍പര്യങ്ങള്‍ക്ക് പരസ്പര സഹായമുള്ളത് കൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നും പിണറായി വക്തമാക്കി.

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്. കേരള സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. പൊതുവിതരണ മേഖലയിലെ പ്രവര്‍ത്തനം മന്ദീഭവിച്ചു. യുഡിഎഫിന് നാടിനോടൊ ജനങ്ങളോടൊ ഒരു പ്രതിബദ്ധതയുമില്ളെന്നും പിണറായി പറഞ്ഞു.