സിപിഎം പ്രവർത്തകനെ വധിച്ചതിന്റെ വൈരാഗ്യമാണ് ബിഎംഎസ് പ്രവർത്തകന്റെ കൊലപാതകത്തിന് കാരണമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി

ബുധന്‍, 13 ജൂലൈ 2016 (10:32 IST)
കണ്ണൂരിൽ ബിഎംഎസ് പ്രവർത്തകനായ രാമചന്ദ്രനെ വധിച്ചത് സിപിഎം പ്രവർത്തകനെ വധിച്ചതിന്റെ വൈരാഗ്യത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സിപിഎം പ്രവർത്തകനായ ധനരാജിനെ പത്ത് ബിജെപി പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി. ഇതിലെ വൈരാഗ്യമാണ് രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിണറായി വ്യക്തമാക്കി.
 
കണ്ണൂരിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്നും രണ്ടുപേരുടെയും കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. കണ്ണൂരിലെ അക്രമരാഷ്ട്രീയം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിനുള്ള മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. 
 
അതേസമയം, പൊലീസ് നിഷ്ക്രീയമെന്ന് കെ മുരളീധരനും പ്രതികരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെ കുന്നരു കാരന്താട്ട് സിപിഎം പ്രവർത്തകനായ സി വി ധനരാജിനെ(36)യും തുടർന്ന് തുടർന്ന് അർധരാത്രിയോടെ ഓട്ടോറിക്ഷ ഡ്രൈവറും ബിഎംഎസ് പ്രവർത്തകനുമായ അന്നൂർ സ്വദേശി സി കെ രാമചന്ദ്രനെ(46) വീട്ടിൽ കയറിയും വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക