അഴിമതിക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.
പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കാൻ സാധിക്കില്ല. ഉദ്യോഗസ്ഥരുടെ വിശ്വാസത്യ തകർക്കുന്ന അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ആ കട്ടിലുകണ്ട് ആരും പനിക്കേണ്ട. അദ്ദേഹം അഴിമതി നടത്തിയെങ്കിൽ സംരക്ഷിക്കില്ല. ചട്ടങ്ങൾ പാലിക്കാൻ ജേക്കബ് തോമസ് ബാധ്യസ്ഥനാണ്. വിജിലൻസ് ഡയറക്ടർ സ്വകാര്യ കമ്പനിയുടെ പേരിൽ ഭൂമി വാങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.
ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയനോട്ടിസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. എം വിൻസെന്റ് എംഎൽഎയാണ് നോട്ടിസ് നൽകിയത്.
വിജിലൻസ് ഡയറക്ടർ സ്ഥാനത്തിരുന്ന് ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളെന്ന് പ്രതിപക്ഷം ആരോപിച്ചു. ജേക്കബ് തോമസിനെ ആരു ചുവപ്പുകാർഡ് കാണിക്കുമെന്നും വിൻസന്‍റ് ചോദിച്ചു.