മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ വ്യത്യസ്‌ത മറുപടി വിവാദത്തിലാകുന്നു. ഉപദേശകരെക്കുറിച്ചുള്ള ഒരേ ചോദ്യത്തിനാണ് മുഖ്യമന്ത്രിക്ക് പിഴവ് സംഭവിച്ചത്.
ഉപദേശകര്‍ എത്ര പേരുണ്ടെന്ന ചോദ്യമാണ് പിണറായി വിജയനെ വെട്ടിലാക്കിയത്. ഏപ്രിൽ 25ന് നൽകിയ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി രേഖാമൂലം വ്യത്യസ്‌ത മറുപടി നല്‍കിയത്.
പാറയ്ക്കൽ അബ്ദുള്ളയുടെ ചോദ്യത്തിന് ആറ് ഉപദേശകരെന്നും എം വിൻസന്റിന്റെ ചോദ്യത്തിന് എട്ടു പേരെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇതോടെയാണ് വിഷയം വിവാദത്തിലായത്.
വിഷയത്തില്‍ പ്രതിപക്ഷത്തിന് അവകാശലംഘനത്തിന് നോട്ടിസ് നൽകാമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
ലാവ്‌ലിൻ കേസ് ഉൾപ്പെടെ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട 113 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് പിഴവ് സംഭവിച്ചത്.