മുഖ്യമന്ത്രിക്ക് ഇനി അലോസരത്തിന്റെ നാളുകളെന്ന് പിണറായി

Webdunia
ബുധന്‍, 3 ഫെബ്രുവരി 2016 (11:38 IST)
അഴിമതിയില്‍ മുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി അലോസരത്തിന്റെ നാളുകളെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ജനരോഷം രൂക്ഷമായി ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രി ഒരു നിമിഷം വൈകാതെ രാജിവെക്കണം. ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്നും പിണറായി പറഞ്ഞു.

അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും ഓടിനടക്കുകയാണ്. മുഖ്യമന്ത്രി അഴിമതിക്കേസില്‍ കുടുങ്ങിയിട്ടും ഇടപെടാന്‍പോലും കോണ്‍ഗ്രസിന്‍റെ ദേശീയനേതൃത്വത്തിന് കഴിയുന്നില്ല. അദ്ദേഹത്തെ അലോസരപ്പെടുത്തേണ്ടെന്നാണ് അവരില്‍ ചിലര്‍ പറയുന്നത്. മന്ത്രി കെസി ജോസഫ് സ്വന്തം നിലമറന്ന് ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കുകയാണ്. ഇതിനുള്ള തെളിവാണ് ജഡ്ജിക്കെതിരായ അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും പിണറായി കുറ്റപ്പെടുത്തി.

ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങാള്‍ ശ്രമിക്കുകയാണ്. യുവാവിനെ നടുറോഡില്‍ നിഷ്ഠൂരമായി തല്ലിക്കൊല്ലാന്‍വരെ ഗുണ്ടാസംഘങ്ങള്‍ക്ക് പേടിയില്ലാതായി. ഉമ്മന്‍ചാണ്ടിക്കെതിരായ സരിതയുടെ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎമ്മിന് പങ്കില്ല. കോടികൾ നൽകി മൊഴി അനുകൂലമാക്കാനുള്ള ശേഷിയോ താൽപര്യമോ സിപിഎമ്മിന് ഇല്ലെന്നും പിണാറായി പറഞ്ഞു.