ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാന്‍-3 ന്റെ വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണ്. 2019ല്‍ ചന്ദ്രയാന്‍-2 ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയില്‍ നിന്നുള്ള തിരിച്ചറിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയത്. നിശ്ചയിച്ച സ്ഥലത്തേക്ക് ലാന്‍ഡര്‍ മൊഡ്യൂള്‍ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ലാന്‍ഡ് ചെയ്യിപ്പിച്ചു. മുന്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള അനുഭവങ്ങളും തിരിച്ചറിവുകളും ഉപയോഗപ്പെടുത്തിയാണ് ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ സാധ്യമാവുന്നത്. ചന്ദ്രയാന്‍-3 അതിനൊരു വലിയ ദൃഷ്ടാന്തമാണ്.
ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പകരുന്നതാണ് ചന്ദ്രയാന്‍-3 ന്റെ ഈ നേട്ടം. ഉന്നതമായ ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ സര്‍വ്വതല സ്പര്‍ശിയായ പുരോഗതി സാധ്യമാവുകയുള്ളു. ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാകട്ടെ ചന്ദ്രയാന്‍-3. ഈ നേട്ടത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.