ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളില്‍ പോകുമ്പോള്‍ 10000 രൂപ നല്‍കും: മുഖ്യമന്ത്രി

വെള്ളി, 24 ഓഗസ്റ്റ് 2018 (20:20 IST)
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ അവരുടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി ബാങ്ക് അക്കൌണ്ടുകള്‍ വഴി 10000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്‍റെ വിശദാംശങ്ങള്‍ എല്ലാവരും റെവന്യൂ അധികൃതരെ അറിയിക്കണം. ക്യാമ്പില്‍ നിന്നു പോയവര്‍ക്കും ഈ തുക നല്‍കും. ഇതിനായി സി എം ഡി ആര്‍ എഫില്‍ നിന്ന് 246 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.  
 
ദുരന്തം അനുഭവിച്ച എല്ലാവരുടെയും വിവരങ്ങളും ദുരിതബാധിതമായ വീടുകളുടെ നിലവിലെ സ്ഥിതിയും മൊബൈല്‍ ആപ്പുവഴി രേഖപ്പെടുത്തും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം അങ്ങനെ പലവിധ വിലയിരുത്തലുകളിലൂടെ നല്‍കും. ഇതിനായി പ്രാദേശികമായ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തിവരികയാണ്. 
 
പ്രാഥമിക കണക്കുകള്‍ കാണിക്കുന്നത് 7000 വീടുകള്‍ പൂര്‍ണമായും 50000 വീടുകള്‍ ഭാഗികമായും നശിച്ചു എന്നാണ്. അവര്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
 
ധാരാളം മാലിന്യം ഈ വെള്ളപ്പൊക്കത്തിന്‍റെ ഭാഗമായി വന്നു. മാലിന്യം നീക്കം ചെയ്യുക എന്നത് പരമപ്രധാനമായി കാണാവുന്നതാണ്. വീടുകള്‍, പൊതുസ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍ ഇവ ശുദ്ധീകരിക്കണം. പല തരത്തിലുള്ള മാലിന്യങ്ങളാണ് ഉള്ളത്. അഴുകിയ മാലിന്യങ്ങള്‍ സ്വന്തം സ്ഥലത്ത് സംസ്കരിക്കണം. ചെളിയും മണ്ണും പൊതു സ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളാന്‍ പാടില്ല. പൊതുവായ ഒരിടം കണ്ടെത്തി അവിടെ സംസ്കരിക്കണം.
 
അഴുകാത്ത മാലിന്യങ്ങള്‍ അതായത് പ്ലാസ്റ്റിക്, ഇലക്‍ട്രോണിക് ഉപകരണങ്ങള്‍ ഇവയൊക്കെ ഒരു പൊതു സ്ഥലത്ത് സൂക്ഷിക്കണം. അവിടെനിന്ന് ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കാവുന്ന ഏജന്‍സികളെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകും. ശുചീകരണ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടത്തിയില്ലെങ്കില്‍ അത് നാടിന് പ്രതികൂലമായി വരും.
 
പുനരധിവാസത്തിന് വിദഗ്ധരായ തൊഴിലാളികളുടെ സേവനം ആവശ്യമുണ്ട്. അത് ഉറപ്പ് വരുത്തുന്നതിന് ഈ മേഖലയിലെ തൊഴിലാളി സംഘടനകളുടെ സേവനം ഉണ്ടാകണം. പ്രാദേശിക തലത്തില്‍ ഇത്തരം സാധ്യതകള്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണം. 
 
നഷ്ടമായ രേഖകള്‍ തിരിച്ചുനല്‍കുന്നതിന് സംസ്ഥാന വിവര സാങ്കേതിക വകുപ്പ് മറ്റ് വകുപ്പുകളുമായി യോജിച്ച് ഒരു സോഫ്റ്റുവെയര്‍ തയ്യാറാക്കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുത്ത് നല്‍കാനാണ് ശ്രമം. പേര്, മേല്‍‌വിലാസം, പിന്‍‌കോഡ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങളുടെയും വിരലടയാളം പോലെയുള്ള ബയോമെട്രിക് തെളിവുകളുടെയും അടിസ്ഥാനത്തില്‍ രേഖകള്‍ വീണ്ടെടുക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന അദാലത്തുകള്‍ വഴി രേഖകള്‍ വീണ്ടെടുത്തുനല്‍കുന്ന പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ഈ മാസം 30ന് തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് വാര്‍ഡില്‍ നടക്കും.
 
ജീവനോപാധികള്‍ നഷ്ടപ്പെട്ടുപോയവര്‍ക്ക് പലിശയില്ലാതെ 10 ലക്ഷം രൂപ വായ്പയായി ലഭ്യമാക്കാന്‍ ആലോചിക്കുന്നു. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. കൃഷി സഹായം നല്‍കാനും ആലോചനയുണ്ട്. പലിശരഹിതമായും സബ്‌സിഡിയായും ഈ മേഖലയില്‍ ഇടപെടും. 
 
പ്രളയത്തെ അതിജീവിച്ചിട്ടുള്ള മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യവസായസംരംഭങ്ങള്‍ക്കായി എടുത്തിട്ടുള്ള വായ്പകള്‍ക്ക് ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഭവന വായ്പകള്‍ക്കും മോറട്ടോറിയമുണ്ട്. അധികഭവന വായ്പകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
ദിവസങ്ങളോളം വെള്ളത്തില്‍ കിടന്ന വാഹനങ്ങള്‍ നശിച്ചുപോയിട്ടുണ്ട്. അത് വലിയ മാലിന്യം ഉണ്ടാക്കുന്നു. വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. മുഖ്യമന്ത്രിയുടെ ഓഫീസും മറ്റും തിരുവോണദിവസവും പ്രവര്‍ത്തിക്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസവും ഉണ്ടാകാത്ത വിധം എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കണം. 
 
535 കോടി രൂപ ഇന്നലെ വരെ ദുരിതാശ്വാസനിധിയില്‍ ലഭിച്ചു. ഭാരത് പെട്രോളിയം 25 കോടി രൂപ നല്‍കി. ഇന്ത്യന്‍ ബാങ്ക് നാലുകോടി നല്‍കിയിട്ടുണ്ട്. എല്ലാവരും നന്നായി സഹായിക്കുന്നു. ഈ ഒരു മനോഭാവത്തെ ചൂഷണം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നു. വഴിയില്‍ ആളുകളെ തടഞ്ഞുവച്ച് പണം പിരിക്കുന്ന സംഭവങ്ങള്‍ പോലും കേള്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് പണമയക്കാന്‍ സൌകര്യമുണ്ട്. സഹായിക്കാനുള്ള ജനങ്ങളുടെ നല്ല മനോഭാവത്തെ പ്രത്യേക രീതിയില്‍ ചൂഷണം ചെയ്യാന്‍ തയ്യാറായാല്‍ അത് അനുവദിക്കില്ല - മുഖ്യമന്ത്രി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍