സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ വിഎസിന്റെ കാര്യത്തില്‍ തീരുമാനം

Webdunia
വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (20:33 IST)
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അധ്യക്ഷനാക്കി രൂപീകരിച്ച ഭരണപരിഷ്‌കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനായി സെപ്റ്റംബര്‍ രണ്ടാംവാരം വിഎസ് ചുമതലയേൽക്കുമെന്നാണ് സൂചന.

വിഎസിനെ കൂടാതെ മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായര്‍, നീലാ ഗംഗാധരന്‍ എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങള്‍. 17 പേരാണ് ഭരണ കമ്മീഷൻ സ്റ്റാഫിൽ അംഗങ്ങളായുള്ളത്. ഇതിൽ അഞ്ചു പേർ ദിവസ വേതനക്കാരായിരിക്കും. സെക്രട്ടേറിയറ്റിന്‍റെ രണ്ടാം അനക്സിലെ നാലാം നിലയിൽ കമ്മിഷന് ഓഫിസ് അനുവദിച്ചത്.

വിഎസിനു കാബിനറ്റ് പദവിയും അംഗങ്ങൾക്കു ചീഫ് സെക്രട്ടറിയുടെ പദവിയുമാണു നൽകിയിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിനു ചേർന്ന മന്ത്രിസഭായോഗം കമ്മിഷനെ നിയമിക്കുന്ന കാര്യം തീരുമാനിച്ചെങ്കിലും ടേംസ് ഓഫ് റഫറൻസ് നിശ്ചയിച്ചിരുന്നില്ല.
നാലാമത്തെ ഭരണപരിഷ്കാര കമ്മിഷനാണിത്. മുൻ മുഖ്യമന്ത്രി ഇഎംഎസ്, ഇകെ നായനാർ, ഐഎഎസ് ഉദ്യോഗസ്ഥനായ എംകെ വെള്ളോടി എന്നിവരാണു മുമ്പ് ഭരണപരിഷ്കരണ കമ്മിഷന്‍ അധ്യക്ഷനായിട്ടുള്ളത്.
Next Article