ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ പോകുന്നുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചത്; കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ക്കും- പിണറായി

Webdunia
ശനി, 13 ഫെബ്രുവരി 2016 (14:35 IST)
ബിജെപിയുടെ വര്‍ഗ്ഗീയതയെയും കോണ്‍ഗ്രസിന്റെ നയങ്ങളെയും ഒരുപോലെ എതിര്‍ക്കുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കോൺഗ്രസിനെ ശക്തമായി എതിർക്കുന്ന നിലപാടാണ് സിപിഎമ്മിന്‍റേത്. സിപിഎം ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ പോകുന്നു എന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ ആശയക്കുഴപ്പം വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നവ ഉദാരവത്കരണത്തിന്‍റെ വക്താകളെയും വർഗീയതയെയും ഒന്നിച്ച് എതിർക്കുക എന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളത്. ഇതിന്‍റെ ഏറ്റവും വലിയ അപ്പോസ്തലന്മാരാണ് കോൺഗ്രസ്. അതു കൊണ്ടാണ് കോൺഗ്രസിനെ എതിർക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് പിന്‍വലിക്കണം. ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് ആക്കി മാറ്റണം. ചീഫ് സെക്രട്ടറി സ്ഥാനത്ത് ജിജി തോംസണ് കാലാവധി നീട്ടി നല്‍കരുത്. കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനം ദുരുദ്ദേശപരമാണ്. എത്ര കഴിവുള്ള ഉദ്യോഗസ്ഥനായാലും കാലാവധി കഴിഞ്ഞാല്‍ പിരിഞ്ഞ് പോകുകയാണ് വേണ്ടതെന്നും പിണറായി പറഞ്ഞു.