‘പരനാറി‘ അര്‍ഹിക്കുന്ന പദപ്രയോഗം: പിണറായി വിജയന്‍

Webdunia
ശനി, 24 മെയ് 2014 (16:50 IST)
പ്രേമചന്ദ്രന്‍ അര്‍ഹിക്കുന്ന പദപ്രയോഗം തന്നെയാണ് താന്‍ കൊല്ലത്ത് ഉപയോഗിച്ചതെന്നും അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്ന് കരുതുന്നില്ലെന്നും സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ഒരാള്‍ അര്‍ഹിക്കുന്ന പദപ്രയോഗമെ നമുക്ക് ഉപയോഗിക്കാന്‍ കഴിയു എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനത്തിനു ശേഷം തിരുവനന്തപുരത്ത് എകെജി ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി ഇങ്ങനെ പറഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡി‌എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു‍. സി‌എം‌പി, ജെ‌എസ്‌എസ് എന്നീ പാര്‍ട്ടികള്‍ നല്ല രീതിയി പ്രവര്‍ത്തിച്ചു. എന്നാല്‍ ഇത്തവണ ലഭിച്ചതിലുമധികം സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ മോഡിയെ തടയാന്‍ കോണ്‍ഗ്രസിനു മാത്രമെ കഴിയു എന്ന ചിന്താഗതിയാണ് എല്‍ഡി‌എഫിന് തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപി വന്‍ മുന്നേറ്റം നടത്തിയെന്ന വാദങ്ങളെ പിണറായി തള്ളിക്കളഞ്ഞു. 2004ല്‍ അവര്‍ നേടിയ വോട്ടിനേക്കാള്‍ കുറവാണ് ഇത്തവണ ബിജെപിക്ക് ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡി‌എഫ് വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നതായി കരുതുന്നില്ല, യുഡി‌എഫ് വോട്ടുകളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. അമൃതാനന്ദമയി വിഷയത്തില്‍ തിരിച്ചടിയുണ്ടായില്ലെന്ന് പാലക്കാട് സീറ്റ് ലഭിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പല സ്ഥലത്തും ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണയും ലഭിച്ചിരുന്നു. കസ്തൂരി രംഗന്‍ വിഷയത്തില്‍ ഇടുക്കിയില്‍ പ്രത്യേകിച്ചും. തൃശൂരില്‍ കോണ്‍ഗ്രസ്- കത്തോലിക്ക പ്രശ്നവും ഇടതുപക്ഷത്തിന്‍ ഗുണം ചെയ്തു.

യുഡി‌എഫിനേക്കാള്‍ എല്‍‌ഡി‌എഫിന്റെ സ്ഥാനാ‍ര്‍ഥി പട്ടികയ്ക്ക് പൊതു സ്വീകാര്യത ഉണ്ടായി. ചാലക്കുടിയിലെ ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വം അവിടെ കൂടുതല്‍ സ്വീകാര്യമായി. മത ന്യൂനപക്ഷങ്ങള്‍ പൊതു നിലപാട് സ്വീകരിക്കാതിരുന്നതാണ് എല്‍‌ഡി‌എഫ് പല സ്ഥലത്തും പിന്നോട്ടു പോകാന്‍ കാരണം.

ജാതി സംഘടനകള്‍ ഇത്തവണ അവസര വാദ നിലപാട് സ്വീകരിച്ചു. അവര്‍ യുഡി‌എഫിനേയും എല്‍ഡി‌എഫിനേയും ബിജെപിയേയും സഹായിച്ചു. പണമുണ്ടാക്കാനുള്ള മാര്‍ഗമായാണ് പല സംഘടനകളിം തെരഞ്ഞെടുപ്പിനെ കാണുന്നത്.

പണത്തിന്റെ കുത്തൊഴുക്ക് എക്കാലത്തേറ്റിനേക്കാള്‍ ഉയര്‍ന്നു വെന്നു ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും പിണ്രായി അഭിപ്രായപ്പെട്ടു. നോട്ട ജനാധിപത്യത്തിനേക്കാള്‍ അരാഷ്ട്രീയതയ്ക്കാണ് പ്രയോജനം കൊടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.