സത്യം പുറത്തുവന്നാല്‍ വെള്ളാപ്പള്ളിയുടെ മോഹങ്ങള്‍ പൂവണിയില്ല: പിണറായി വിജയന്‍

ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (20:00 IST)
സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് പ്രാപ്തിയുള്ള അന്വേഷണ സംഘം അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവന്നാൽ ഉമ്മൻ ചാണ്ടിയുടെയും ആർഎസ്എസിന്റെയും വെള്ളാപ്പള്ളിയുടെയും മോഹങ്ങൾ പൂവണിയാൻ പോകുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.

ഇടതുമുന്നണി പൊതുസമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണതുടർച്ചയാണ് ഉമ്മൻ ചാണ്ടിയുടെ മോഹം. അക്കൗണ്ട് തുറക്കലാണ് ആർഎസ്എസ് മോഹം. ഇവരുടെ കൂട്ടുകെട്ടിലെ അവിശുദ്ധ കണ്ണിയാണ് വെള്ളാപ്പള്ളി നടേശനെന്നും പിണറായി പറഞ്ഞു.  നേരത്തെ ശിവഗിരി മഠവും ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞെന്ന് പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

ശിവഗിരി മഠാധിപതി പ്രകാശാനന്ദ വിവാദ മുയര്‍ന്ന സമയത്ത് ശാശ്വതീകാനന്ദയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു, ഇത് ചൂണ്ടിക്കാട്ടിയാണ് മഠം അധികൃതരും വെള്ളാപ്പള്ളിയുടെ വാദത്തിനെതിരാണെന്ന് പിണറായി വാദം ഉയര്‍ത്തിയത്.

അതേസമയം, സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോർട്ടത്തിൽ സംശയകരമായി ഒന്നും കണ്ടില്ലെന്ന് ഡോ. അനിലാകുമാരി വ്യക്തമാക്കി. വിവരങ്ങൾ അന്നുതന്നെ അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. കൂടുതലൊന്നും പറയാൻ തനിക്ക് അവകാശമില്ലെന്നും അനിലാ കുമാരി പറഞ്ഞു. ആലുവയിൽ അസി. സർജനായിരുന്നു അനിലാ കുമാരി.

വെബ്ദുനിയ വായിക്കുക