മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല: മുഖ്യമന്ത്രി

ശ്രീനു എസ്
ഞായര്‍, 21 ഫെബ്രുവരി 2021 (10:41 IST)
മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടല്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് തീരദേശങ്ങളിലെ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്. 
 
മത്സ്യമേഖലയില്‍ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സര്‍ക്കാരാണിത്. 2019 ജനുവരിയില്‍ നടപ്പാക്കിയ ഫിഷറീസ് നയത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകള്‍ പറഞ്ഞിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കി ആഴക്കടല്‍ യാനങ്ങളുടെ ഉടമസ്ഥരാക്കി പ്രാത്സാഹിപ്പിക്കലാണ് സംസ്ഥാന ഫിഷറീസ് നയത്തിലെ മറ്റൊരു പ്രധാന ലക്ഷ്യം. 
 
ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശീയ തദ്ദേശീയ കോര്‍പ്പറേറ്റുകളെയോ കമ്പനികളെയോ കേരള തീരത്ത് അനുവദിക്കുകയില്ല എന്ന സംസ്ഥാന ഫിഷറീസ് നയത്തിലെ സുവ്യക്തമായ നിലപാടില്‍ നിന്നും വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നല്‍കില്ല. അത് ഈ സര്‍ക്കാരിന്റെ പൊതുവായ നയമാണ്. കൃത്യമായ ഉറപ്പാണ്. അതില്‍നിന്ന് ഒരിഞ്ച് പിന്നോട്ടുപോകാന്‍ ഈ സര്‍ക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article