കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 ജൂലൈ 2023 (14:27 IST)
കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധമായും പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിര്‍ബന്ധമായും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. 2022 -23 അക്കാദമിക വര്‍ഷം 325 കേസുകള്‍ വിവിധ സ്‌കൂളുകളില്‍ അധ്യാപകരുടെ / അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും 183 കേസുകള്‍ മാത്രമാണ് എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഈ പ്രവണത പ്രോത്സാഹിപ്പിക്കരുത്.
 
ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തിയാല്‍ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. ഇതിനായി എക്‌സൈസ്/പൊലീസ് അധികൃതരെ രഹസ്യമായി വിവരം അറിയിച്ച് മെഡിക്കല്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍