സംസ്ഥാനം ഇരുട്ടിലേക്ക്; ഇടുക്കിയിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവർത്തനം നിറുത്തി - ചോർച്ച പരിഹരിക്കാൻ ദിവസങ്ങള്‍ വേണ്ടിവരും
ശനി, 26 നവംബര്‍ 2016 (19:19 IST)
മൂലമറ്റം പവർഹൗസിലെ മൂന്നു ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിയതിനെ തുടർന്ന് സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണത്തിനു സാധ്യത. പവർ യൂണിറ്റിലെ മെയിൻ ഇൻലെറ്റ് വാൽവിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണിത്.
മൂന്ന് ജനറേറ്ററുകൾ പ്രവർത്തനം നിറുത്തുന്നതോടെ ഇതോടെ ഇടുക്കിയിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം പകുതിയാകും. വാൽവിലെ ചോർച്ച ശ്രദ്ധയിൽ പെട്ടതോടെ ജനറേറ്ററുകളുടെ പ്രവർത്തനം നിറുത്തി വയ്‌ക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഒരു പെൻസ്‌റ്റോക്ക് പൈപ്പിലും ചോർച്ച കണ്ടെത്തിയിട്ടുണ്ട്. മൂന്നു ദിവസം കൊണ്ട് വാൽവ് അഴിച്ചു പരിശോധന നടത്തും. രാവിലെയാണ് ജനറേറ്ററുകളിലെ തകരാർ കണ്ടെത്തിയത്. ഉച്ചയോടെ ജനറേറ്ററുകളുടെ പ്രവർത്തനം നിർത്തിയിരുന്നു. ചോർച്ച പരിഹരിക്കാൻ പത്തു ദിവസമെടുക്കുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത്രയും ദിവസം ഇടുക്കിയിൽ നിന്നുള്ള വൈദ്യുതോൽപാദനം 300 മെഗാവാട്ടായി കുറയ്ക്കാനാണ് അധികൃതർ ആലോചിക്കുന്നത്. വൈദ്യുതോൽപാദനം കുറയ്ക്കുകയാണെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി പ്രതിസന്ധി മറികടക്കുക എന്ന മാർഗം മാത്രമെ ബോർഡിന് മുന്നിൽ ഇപ്പോഴുള്ളൂ.