ഒടുവില്‍ ആര്‍ക്കും വേണ്ടാതായി; പുഞ്ഞാറില്‍ പിസി ജോര്‍ജ് ഇടത് സ്ഥാനാര്‍ഥിയാകില്ല, തോല്‍ക്കാന്‍ മടിയില്ലാത്ത പിസി സ്വതന്ത്രനായി മത്സരിക്കും, സഭയുടെ ആശിര്‍വാദമുള്ളയാളെ സിപിഎം കണ്ടെത്തി

Webdunia
ബുധന്‍, 16 മാര്‍ച്ച് 2016 (03:38 IST)
യുഡിഎഫിനെ തള്ളിപ്പറഞ്ഞ് പുറത്തുചാടിയ പൂഞ്ഞാന്‍ മുന്‍ എംഎല്‍എയും മുന്‍ ചീഫ് വിപ്പുമായ പിസി ജോര്‍ജ് സിപിഎമ്മിന് തലവേദനയാകുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തെറിയഭിഷേകം നടത്തിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍‌മാന്‍ കെഎം മാണിയെ വെല്ലുവിളിച്ചും പുതിയ തീരങ്ങള്‍ തേടിയിറങ്ങിയ ജോര്‍ജിനിപ്പോള്‍ ഒരിടവുമില്ലാത്ത  അവസ്ഥയാണ്.

യുഡിഎഫില്‍ നിന്ന് പുറത്തുചാടിയ ജോര്‍ജ് ഇടതുപക്ഷവുമായി പരസ്യമായ അടുപ്പം കാണിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു പിന്തുണയോടെ പൂഞ്ഞാറില്‍ നിന്ന് ജയിച്ചു കയറുകയായിരുന്നു ലക്ഷ്യം. ഇതിനായി എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്‌ണനെയും ഇടതു നേതാക്കളെയും കണ്ടിരുന്നു. അനുകൂലസാഹചര്യത്തില്‍ മായം ചേര്‍ക്കാന്‍ താല്‍പ്പര്യമില്ലാത്ത ഇടത് നേതൃത്വം ജോര്‍ജിനെ പിണക്കിയതുമില്ല. ആശകള്‍ ആനയോളമായ ജോര്‍ജ് പൂഞ്ഞാറില്‍ പ്രചാരണം ആരംഭിക്കാനുള്ള നീക്കങ്ങളും തുടങ്ങി. എന്നാല്‍, അദ്ദേഹത്തിന്റെ കണക്കൂ കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ജോര്‍ജ് ജെ മാത്യുവിനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കമാരംഭിച്ചതോടെ ജോര്‍ജ് കുളം കലക്കി മീന്‍ പിടിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി മെത്രാന്റെ അനുഗ്രഹത്തോടെ ജോര്‍ജ് ജെ മാത്യുവിനെ ഗോദയിലിറക്കാന്‍ സിപിഎം പദ്ധതി ആസൂത്രണം ചെയ്‌തതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടത് പിന്തുണയോടെ ജോര്‍ജിന് തന്റെ സ്ഥാനാര്‍ഥികളെ ജയിപ്പിച്ചെടുക്കാന്‍ സാധിച്ചെങ്കിലും ആ സാഹചര്യമല്ല നിലവിലുള്ളതെന്നാണ് വിലയിരുത്തല്‍. കേരളാ കോണ്‍ഗ്രസിന് (എം) വേരോട്ടമുള്ള മണ്ണില്‍ ജയിച്ചു കയറണമെങ്കില്‍ ക്രിസ്‌ത്യന്‍ പശ്ചാത്തലം മാത്രം പോരെന്നും വ്യക്തിപ്രഭാവം വേണമെന്നുമാണ് നിലവിലെ വിലയിരുത്തല്‍. പിസി സ്ഥനാര്‍ഥിയായാല്‍ മാണി കോണ്‍ഗ്രസില്‍നിന്ന് വോട്ട് മറിയില്ലെന്ന് ഇടതിന് വ്യക്തമായി അറിയുകയും ചെയ്യാം. കൂടാതെ സിപിഎമ്മിനെതിരെ ഇത്രനാളും പ്രവര്‍ത്തിച്ചയാളെ കെട്ടിയിറക്കുന്നതിനോട് അണികള്‍ക്കും താല്‍പ്പര്യമില്ല. കൂടാതെ പൂഞ്ഞാറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം രൂക്ഷമായതും കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നിക്കം നടത്തുന്നതും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് സിപിഎം കരുതുന്നത്.

ഈ സാഹചര്യത്തിലാണ് സിപിഎം നേതൃത്വവുമായി പരിഭം പറഞ്ഞ പിസി ജോര്‍ജ് സ്വതന്ത്രമായി മത്സരിക്കുമെന്ന് ഭീക്ഷണി മുഴക്കിയെന്നുമാണ് റിപ്പോര്‍ട്ട്. തന്നോട് അടുപ്പമുള്ളവരെ വിളിച്ചു ചേര്‍ത്തതായും യോഗം ചേര്‍ന്നതായും സൂചനകളുണ്ട്. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നീക്കങ്ങളും ചര്‍ച്ചാവിഷയമായി. പൂഞ്ഞാറില്‍ സീറ്റ് ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പിസി നാല് സീറ്റുകളാണ് ഇടതിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഫ്രാന്‍സിസ് ജോര്‍ജും സംഘവും ഇടതിലേക്ക് മാറിയതാണ് ജോര്‍ജിന് ക്ഷീണം ചെയ്‌തത്.