രാജ്യസ്നേഹം ആരുടെയും കുത്തകയല്ല; ഏതെങ്കിലും ഒരു പ്രത്യേകസമുദായത്തില്‍ ജനിച്ചതു കൊണ്ട് ആരും ദേശവിരുദ്ധരാകുന്നില്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ്

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2016 (19:36 IST)
രാജ്യസ്നേഹം ആരുടെയും കുത്തകയല്ലെന്നും ഏതെങ്കിലും പ്രത്യേക സമുദായത്തില്‍ ജനിച്ചതു കൊണ്ടുമാത്രം ആരും ദേശവിരുദ്ധരാകുന്നില്ലെന്നും ജസ്റ്റിസ് സിറിയക് ജോസഫ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി വിയര്‍പ്പൊഴുക്കിയവരില്‍ നാനാജാതി മതസ്ഥരുണ്ട്. എല്ലാവര്‍ക്കും തുല്യത നല്കുന്ന ഭരണഘടനയാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.
 
കേരള ലോ അകാദമി ലോ കോളേജ് സെൻറര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആൻറ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'ഡെമോക്രസി, ടോളറന്‍സ് ആൻറ് ഹ്യൂമണ്‍ റൈറ്റ്‌സ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സിറിയക് ജോസഫ്.
 
1951 മുതലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത് രാജ്യദ്രോഹകുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരില്‍ അധികവും ഹിന്ദുക്കളാണെന്നാണ്. വധശിക്ഷയെ എതിര്‍ക്കുന്നത് രാജ്യദ്രോഹമല്ല. നിയമവിദഗ്ദ്ധര്‍ക്ക് വധശിക്ഷയെ എതിര്‍ക്കാമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കും അതാകാമെന്നും അദ്ദേഹം പറഞ്ഞു.
 
മനുഷ്യാവകാശത്തെകുറിച്ച് വാചാലരാകുന്നവരില്‍ പലര്‍ക്കും അതെന്തെന്ന് പോലുമറിയില്ല. മനുഷ്യാവകാശത്തോടൊപ്പം ശുദ്ധമായ കുടിവെള്ളത്തെക്കുറിച്ചും വൃത്തിയുള്ള വാസസ്ഥലത്തെക്കുറിച്ചും സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.