തങ്ങള്‍ പലതവണ നിർബന്ധിച്ചിട്ടും മദ്യപിക്കാൻ മണി തയാറായില്ല; തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മണിയ്ക്ക് പൂർണ ബോധ്യമുണ്ടായിരുന്നു: ‘യാത്ര ചോദിക്കാതെ’യുടെ നിർമാതാവ് ഷിബു മാവേലി
തന്റെ അവസാനചിത്രമായ ‘യാത്ര ചോദിക്കാതെ’യില്‍ അഭിനയിക്കുമ്പോൾ കലാഭവൻ മണി മദ്യപാനം പൂർണമായി നിർത്തിയിരുന്നതായി ചിത്രത്തിന്റെ നിർമാതാവ് ഷിബു മാവേലി. തങ്ങള്‍ പലതവണ നിർബന്ധിച്ചിട്ടും മദ്യപിക്കാൻ മണി തയാറായില്ല. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മണി പൂർണ ബോധ്യവാനായിരുന്നുവെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
ഒരു മാസം നീണ്ടുനിന്ന ചിത്രീകരണ വേളയിൽ ഒരുതവണ പോലും മണി മദ്യപിച്ചിട്ടില്ല. ചിത്രീകരണത്തിനു ശേഷവും പലതവണ തങ്ങള്‍ പാടിയിൽ പോയിരുന്നു. അപ്പോഴൊന്നും മണിയെ മദ്യപിച്ചതായി കണ്ടിട്ടില്ല. മണിയുടെ ജന്മദിനാഘോഷച്ചടങ്ങിലും താൻ പങ്കെടുത്തിരുന്നു. ചിത്രീകരണത്തിന്റെ അവസാന നാളുകളിൽ മണി രോഗബാധിതനായി കാണപ്പെട്ടു. അവസാന ചിത്രത്തിന്റെ പേരു പോലെ തന്നെ 'യാത്ര ചോദിക്കാതെ' മണി മടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്, ആലപ്പുഴ,ചേർത്തല എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമയിൽ മണി അസാമാന്യമായ അഭിനയപാടവമാണ് കാഴ്ചവച്ചതെന്ന് നിർമാതാവ് വ്യക്തമാക്കി. എത്രയും പെട്ടെന്നു തന്നെ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.