മമ്മൂട്ടിയുടെ കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ പരസ്യമായി വിമർശിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ കടുത്ത ആക്രമണത്തിന് ഇരയായ നടി പാർവതിയെ വിടാതെ ഫാൻസ്. തിരുവനന്തപുരത്ത് അനുജന്റെ നീതിക്കായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി ഫേസ്ബുക്കിൽ പോസ്റ്റെഴുതിയതോടെ ആണ് ഫാൻസ് പാർവതിക്കെതിരെ വീണ്ടും പൊങ്കാലയിട്ട് തുടങ്ങിയത്.
കസബയെ വിമർശിച്ച പാർവതിയെ പൊങ്കാലയിട്ടതിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാർവതിയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പാര്‍വ്വതിയുടെ പരാതിയില്‍ ഉടനെ തന്നെ രണ്ട് പേരുടെ അറസ്റ്റ് നടന്നതും ശ്രീജിത്ത് 765 ദിവസമായി തെരുവില്‍ നീതിക്ക് വേണ്ടി കിടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗത്തിന്റെ ആക്രമണം.
അവനും അവളും ഒരേ നാട്ടിൽ നീതി തേടിയവർ.... അവൾ വീട്ടിലിരുന്നു പോപ്കോൺ തിന്നു നീതിതേടിയപ്പോൾ ഭരണ കൂടം ഉണർന്നു പ്രവർത്തിച്ചു. എന്നാൽ അവൻ തെരുവിൽ പട്ടിണികിടന്ന് നീതിതേടിയപ്പോൾ ഭരണകൂടം ഉറക്കം നടിച്ചു. ഇതാണ് സാധാരണക്കാരും പ്രമുഖരും തമ്മിലുള്ള വെത്യാസം എന്നാണ് ഒരാളുടെ പ്രതികരണം.
കസബ കാരണം പോയ പേര് തിരിച്ചു പിടിക്കാനുള്ള ഫെമിനിച്ചിയുടെ സൈക്കിളോടിക്കൽ മൂവ് ... എന്റെ പൊന്നോ ആ പയ്യനെ വിട്ടേക്ക് ... നിന്റെ ഒരു പുല്ലും വേണ്ട . ഓട് ഫാറൂ പോപ്‌കോണും തിന്നോണ്ട് എന്ന തരത്തിലാണ് മറ്റ് ചിലർ കമന്റ് ഇട്ടേക്കുന്നത്. നിങ്ങടെ പാട്ടിനു ഡിസ്‌ലൈക് കിട്ടിയ പോലെ ആ പാവത്തിന്റെ ലൈഫിൽ ഡിസ്‌ലൈക് വാങ്ങി കൊടുക്കല്ല്. കാരണം.എല്ലാർക്കും നിങ്ങളോട് ഭയങ്കര സ്നേഹമാണ്... അവൻ ജീവിച്ചു പോട്ട്... എന്നും കമന്റുകളുണ്ട്.
'ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്നേഹം. ബഹുമാനം. ഐക്യം.' - എന്നായിരുന്നു പാർവതി ഫേസ്ബുക്കിൽ കുറിച്ചത്.