രാജ്യത്തെ നടുക്കിയ പരവൂര്‍ ദേവിക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയ ആശാന്മാര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്. വെടിക്കെട്ടിന് മുമ്പ് ആശാന്‍മാര്‍ നല്ലതോതില്‍ മദ്യപിച്ചിരുന്നുവെന്ന് അറസ്‌റ്റിലായ തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കി. മിക്കയിടത്തും വെടിക്കെട്ടിന് മുമ്പ് മദ്യപിക്കാറുണ്ടെന്നും പരവൂരും ഇത് ആവര്‍ത്തിച്ചുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
വെടിക്കെട്ടിനെത്തുടര്‍ന്ന് സ്‌ഫോടനം ഉണ്ടാകുമ്പോള്‍ തറയില്‍ കമിഴ്‌ന്നു കിടന്നതാണ് പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കാരണമായത്. വെടിക്കെട്ടിനിടെ ആവശ്യമായ വെടിക്കോപ്പുകള്‍ എടുക്കാന്‍ തൊഴിലാളികള്‍ മറ്റു ക്ഷേത്രങ്ങളിലേക്ക് പോയിരുന്നു. മിക്കവരും മദ്യലഹരിയിലായിരുന്നുവെന്നും അറസ്‌റ്റിലായവര്‍ മൊഴി നല്‍കി.
അതേസമയം, പരവൂർ ദുരന്തത്തിൽ സര്‍ക്കാരിലെ ഉന്നതരെയും പൊലീസിനെയും രക്ഷിക്കാന്‍ ശ്രമം ഊര്‍ജ്ജിതമായി. ദുരന്തത്തില്‍ വീഴ്‌ച സംഭവിച്ചത് പൊലീസിനാണെന്ന് വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ സർക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മറികടന്ന് ഡിജിപി ടിപി സെന്‍കുമാറിനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിശദീകരണം തേടിയതിനെതിരെ ആഭ്യന്തര സെക്രട്ടറി രംഗത്തെത്തിയത് വിഷയം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.