കൊല്ലം പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് ദുരന്തത്തിൽ പരുക്കേറ്റവർക്ക് അടിയന്തിര ചികിത്സാസഹായം ലഭിച്ചില്ലെന്ന് പരാതി.വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റവർക്കെല്ലാം അടിയന്തിര സഹായമായി 5,000 രൂപ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ദുരിത ബാധിതർ പറയുന്നത്.
സർക്കാരിന്റെ സഹായം ലഭിച്ചില്ലെന്ന പരാതിയുമായി നിരവധിപേർ എത്തുന്നുണ്ടെന്ന് ചാത്തന്നൂർ എം എൽ എ ജിഎസ് ജയലാൽ പറയുന്നു. ചികിത്സ ലഭിക്കാത്ത നിരവധിപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉണ്ടെന്നും മുഖ്യമന്ത്രി എത്രയും പെട്ടന്ന് വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
1141 പേരാണ് ദുരന്തത്തിൽ പരുകേറ്റ് പല ആശുപത്രിയിൽ ചികിത്സക്കായി അഭയം തേടിയത്. വാഗ്ദാനം ചെയ്ത തുക ലഭിക്കാതായതോടെ പൊള്ളലേറ്റ പലരുടേയും അവസ്ഥ പരിതാപകരമാണ്. ഭൂരിപക്ഷം പേർക്കും സഹായം ലഭ്യമായിട്ടില്ലെന്നാണ് അറിവ്. രോഗികൾ എത്ര പേരുണ്ട്, എതൊക്കെ ആശുപത്രികളിൽ തുടങ്ങിയ വിവരങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ റവന്യു വകുപ്പ് ശേഖരിക്കാത്തതാണ് ഇതിന്റെ കാരണമെന്നും സൂചനകളുണ്ട്.