പരവൂർ വെടിക്കെട്ടപകടം: കാണാതായ 17 പേർക്കായുള്ള അന്വേഷണം ഊർജ്ജിതം

Webdunia
ബുധന്‍, 13 ഏപ്രില്‍ 2016 (10:11 IST)
കൊല്ലം പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് അപകടത്തെത്തുടർന്ന് കാണാതായ 17 പേർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. പരവൂർ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിലാണ് ഇത്രയും പേരെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിൽ രണ്ട് രാജ്സ്ഥാൻ സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിവ്. കച്ചവടക്കാരായ മണി ചതുര്‍വേദി, നന്ദിനി ചതുര്‍വേദി എന്നിവരാണിവര്‍.
 
അതേസമയം, തിരിച്ചറിയാത്ത 13 മൃതദേഹങ്ങ‌ൾ വിവിധ ആശുപത്രികളിലായി ഉണ്ട്. കാണാതയവർ ഇക്കൂട്ടത്തിൽ ഉണ്ടോ എന്ന് തിരിച്ചറിയണമെങ്കിൽ ഡി എൻ എ പരിശോധന നടത്തേണ്ടതുണ്ട്. പരിശോധനക്കായി രാജീവ് ഗാന്ധി ബയോ ടെക്‌നോളജി തുറന്നിട്ടുണ്ട്. അതോടൊപ്പം കാണാതായ 9 പേരുടെ കുടുംബത്തോട് ഡി എൻ എ പരിശോധനയ്ക്ക് ഹാജരാകാനും പൊലീസ് അറിയിച്ചിരിക്കുകയാണ്. 5 പേരുടെ മൃതദേഹങ്ങ‌ൾ ഒട്ടും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണുള്ളത്.
 
കാണാതായ, ഇരവിപുരം വടക്കേവിള സബീര്‍ (30), കോട്ടപ്പുറം രഘു (42), പുതുക്കുളം ചുമ്മാര്‍ എന്ന കണ്ണന്‍ (19), കുറുമണ്ടല്‍ ഗോപിനാഥന്‍പിള്ള (56), നെടുങ്ങോലം പ്രസന്നന്‍ (56), വെഞ്ഞാറമൂട് രാജന്‍ (50), കോങ്ങല്‍ രഘുനാഥക്കുറുപ്പ് (46), ചിറക്കര സാജന്‍ (29) എന്നിവരുടെ ബന്ധുക്കളോടാണ് പരിശോധനക്കായി എത്താൻ നിർദേശിച്ചിരിക്കുന്നത്. അതേസമയം ഒഴുകുപാറ അനീഷ്, പാങ്ങോട് നടേശന്‍ (65), കല്ലുവാതുക്കല്‍ ഹരി (18), കുട്ടപ്പന്‍, കോരാണി സോമന്‍, ചടയമംഗലം സ്വദേശിയായ അനില്‍കുമാര്‍ (34), മേനംകുളം അനുലാല്‍ (29) എന്നിവരെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം