ഭക്ഷണത്തിന്റെയും ഭാഷയുടെയും കാര്യത്തില്‍ വൈവിധ്യങ്ങളുടെ കലവറയാണ് കേരളം. കാസര്‍ഗോഡ് നിന്ന് തിരവനന്തപുരത്തേക്ക് എത്തുമ്പോള്‍ മാറ്റങ്ങള്‍ പലതാണ്. അങ്ങനെയൊരു മാറ്റത്തെ കുറിച്ച് തര്‍ക്കിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍. ഓണം അടുത്തിരിക്കെ ഓണസദ്യയാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാവിഷയം.
തൃശൂര്‍ മുതല്‍ തെക്കോട്ടുള്ളവര്‍ കിടിലന്‍ കോംബിനേഷന്‍ എന്നു പറയുന്ന ഭക്ഷണവിഭവമെന്ന് പറയുന്നത് തങ്ങള്‍ക്ക് ആലോചിക്കാന്‍ പോലും പറ്റുന്നില്ലെന്നാണ് വടക്കന്‍ ജില്ലക്കാര്‍ പറയുന്നത്. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ അടിയാണ് !
സദ്യയില്‍ ചോറൊക്കെ കഴിച്ച ശേഷം വെടിപ്പാക്കിയ ഇലയില്‍ പപ്പടവും പുഴുങ്ങിയ പഴവും ഒന്നിച്ച് കുഴച്ച് അതിലേക്ക് പായസം ഒഴിക്കുന്ന പതിവുണ്ട് തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍. കിടിലന്‍ കോംബിനേഷന്‍ എന്നാണ് ഇതിനെ അവിടെയുള്ളവര്‍ വിശേഷിപ്പിക്കുന്നത്. പുഴുങ്ങിയ പഴവും പപ്പടവും പായസവും ചേര്‍ത്ത് ഇലയില്‍ കഴിക്കുന്നത് പണ്ട് തൊട്ടേയുള്ള ശീലമെന്നാണ് തെക്കന്‍ ജില്ലക്കാരുടെ വാദം.
എന്നാല്‍ ഇങ്ങനെയൊരു കോംബിനേഷനെ കുറിച്ച് കേട്ടിട്ട് പോലും ഇല്ലെന്നാണ് തൃശൂരിന് അപ്പുറത്തേക്ക് വടക്കോട്ട് പോകുമ്പോള്‍ ഉള്ള ജില്ലക്കാരുടെ അഭിപ്രായം. പപ്പടവും പഴവും പായസത്തിനൊപ്പം ചേര്‍ത്തു കഴിക്കുന്നത് ആലോചിക്കാന്‍ പോലും വയ്യെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കൂട്ടര്‍ വാദിക്കുന്നത്. ചോറിനൊപ്പം കൂട്ടി കഴിക്കേണ്ടതാണ് പപ്പടമെന്നാണ് ഇവരുടെ അഭിപ്രായം.