വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പന്തളം സുധാകരന്‍ പിന്‍വലിച്ചു

Webdunia
ബുധന്‍, 18 മാര്‍ച്ച് 2015 (13:33 IST)
വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ പിന്‍വലിച്ചു. കുറിപ്പിനെതിരെ കേരളാ കോണ്‍ഗ്രസ് ശക്തമായി പ്രതികരിച്ചിരുന്നു. കുറിപ്പിനെ ശുദ്ധ അസംബന്ധമെന്നാണ് കേരള കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ് പിന്‍വലിച്ചത്. ഫേസ്ബുക്ക് കുറിപ്പില്‍ ധനമന്ത്രി മാണിക്ക് വിശ്രമം നല്‍കണമെന്നും ധനമന്ത്രിയുടെ ചുമതല തല്‍ക്കാലം മുഖ്യമന്ത്രി വഹിക്കണമെന്നും പറഞ്ഞിരുന്നു.  മാണിയ്ക്കെതിരെ കോണ്‍ഗ്രസിന്റെ പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതിയില്‍ വിമര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വന്ന കുറിപ്പ് മാണിയ്ക്കെതിരെ കോണ്‍ഗ്രസില്‍ തന്നെ രൂപപ്പെടുന്ന വികാരത്തിന്റെ പ്രതിഫലനമായാണ് കണക്കാക്കപ്പെടുന്നത്. 
 
പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ...
 
“ആദരണീയനായ ധനമന്ത്രി ശ്രീ. കെ എം മാണിക്ക് ഇനി വേണ്ടത് അല്പം വിശ്രമമാണ്. കഴിഞ്ഞ ആറുമാസമായി ആരോപണങ്ങളുടെയും രാഷ്‌ട്രീയമായ ആക്രമണങ്ങളുടെയും പത്മവ്യൂഹത്തിലായിരുന്നു മാണി സാര്‍. എന്നാല്‍ അതെല്ലാം ഭേദിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ ചെറുത്തുനില്‍പ്പിനെയും അക്രമങ്ങളെയും അതിജീവിച്ച് ധീരമായി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. അങ്ങനെ യു ഡി എഫിനു മുന്നില്‍ വിജയശ്രീലാളിതനായി നില്‍ക്കുകയാണ് ശ്രീ കെ എം മാണി. എന്നാല്‍ കേരളരാഷ്‌ട്രീയത്തിലെ വന്ദ്യവയോധികനാണ് അദ്ദേഹം. ശാരീരികമായും മാനസികമായും അദ്ദേഹം ഇക്കഴിഞ്ഞ നാളുകളില്‍ ഏറ്റ ആക്രമണത്തിനു കണക്കില്ല. ഉജ്വലമായ ഒരു തിരിച്ചുവരവിനുള്ള ഊര്‍ജം ആവാഹിക്കാനായി അദ്ദേഹത്തോട് കുറച്ചുനാളത്തേക്ക് വിശ്രമിക്കാന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശം നല്‍കണം. അതിനിടയില്‍ ആരോപണങ്ങളുടെ പാപക്കറ കഴുകിക്കളയാനും ധനമന്ത്രിക്കു തീര്‍ച്ചയായും സാധിക്കും. ചികിത്സയ്ക്കായും അദ്ദേഹത്തിന് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കേരളരാഷ്ട്രീയത്തിലെ സംഘര്‍ഷാന്തരീക്ഷത്തിനും ആ വിശ്രമം അയവു വരുത്തും. ധനമന്ത്രിയുടെ ചുമതല തല്‍ക്കാലം മുഖ്യമന്ത്രിക്കു തന്നെ വഹിക്കാവുന്നതേയുള്ളൂ. യു ഡി എഫ് ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കണം”. ഇങ്ങനെയാണ് പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.