ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ പ്രവേശനം ലക്ഷ്യമിട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. മലയോരമേഖലകളില്‍ കാര്യമായ വേരുകളില്ലാത്ത പാര്‍ട്ടി അവിടെ പ്രബലമായ ക്രിസ്ത്യന്‍ സമുദായത്തെ പാട്ടിലാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.
ഇതുവഴി മധ്യകേരളത്തിലെ ശക്തി വര്‍ധിപ്പിക്കാമെന്നും പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ക്രൈസ്തവ സഭയുമായി കൂട്ടുകൂടുന്നതില്‍ ബിജെപിക്കുള്ള മുഖ്യ തടസം. അതിനാല്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കില്ലെന്നാണ് പാര്‍ട്ടി നല്‍കുന്ന വാഗ്ദാനം.
കോട്ടയത്തേ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കേരള കോണ്‍ഗ്രസ് നാഷണലിസ്റ് നേതാവ് നോബിള്‍ മാത്യുവിനേ ആണ് ബിജെപി ഇതിനായി കളത്തിലിറക്കിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസില്‍ നിന്നുളളവര്‍ രൂപീകരിച്ച പാര്‍ട്ടിക്ക് കുഴപ്പമില്ലാത്ത ക്രൈസ്തവ പിന്തുണയുണ്ട്.
ഇത് വര്‍ദ്ധിപ്പിച്ചാല്‍ പാര്‍ട്ടിക്ക് മലയോര മേഖലകളിലേക്ക് കടന്നുകയറാന്‍ സാധിക്കുമെന്നും ബിജെപി നേതൃത്വം കരുതുന്നു. കത്തോലിക്കാ സഭയുമായി ഇതിനകം അനൌദ്യോഗിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായി സൂചനകളുണ്ട്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരമാവധി വിജയമാണ് ആദ്യ ലക്ഷ്യം. തുടര്‍ന്ന് സംസ്ഥാനത്തെ അവഗണിക്കാനാകാത്ത രാഷ്ട്രീയ ശക്തിയായി നിയമസഭയിലെത്താമെന്നും പാര്‍ട്ടി കരുതുന്നു.